കേടായ കോഴിയിറച്ചിയടക്കം വില്‍പ്പനയ്ക്ക് സൂക്ഷിച്ചു; സൗദിയില്‍ പ്രമുഖ കാറ്ററിംഗ് കമ്പനിക്ക് വന്‍ തുക പിഴ

By Web TeamFirst Published Oct 2, 2020, 1:12 PM IST
Highlights

ഉപയോഗശൂന്യമായ കോഴിയിറച്ചി, മിന്‍സ്ഡ് മീറ്റ്, പച്ചക്കറികള്‍, മസാല എന്നിവയാണ് കണ്ടെത്തിയത്.

മക്ക: കേടായതും ഉറവിടമറിയാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പനയ്ക്ക് സൂക്ഷിച്ചതിന് മക്കയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിക്ക് പിഴ ചുമത്തി. റെസ്റ്റോറന്റ്, മാനേജ്‌മെന്റ് നടത്തിപ്പ് മേഖലയിലും കാറ്ററിംഗ് രംഗത്തും പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ മക്ക ശാഖയ്ക്കാണ് മക്ക ക്രിമിനല്‍ കോടതി 30,000 റിയാല്‍ പിഴ ചുമത്തിയത്.

സ്ഥാപനത്തിലെ കേടായതും ഉറവിടമറിയാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിക്കാനും കോടതി ഉത്തരവിട്ടു. കൂടാതെ സ്ഥാപനത്തിന്റെ പേരുവിവരങ്ങളും നടത്തിയ നിയമലംഘനവും ഇതിനുള്ള ശിക്ഷയും സ്ഥാപനത്തിന്റെ സ്വന്തം ചെലവില്‍ രണ്ട് പ്രാദേശിക പത്രങ്ങളില്‍ പരസ്യം നല്‍കാനും ഉത്തരവില്‍ പറയുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

മക്കയിലെ ബത്ഹാ ഖുറൈശ് ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി ആസ്ഥാനത്ത് വാണിജ്യ മന്ത്രാലയം അധികൃതര്‍ നടത്തിയ പരിശോധനയിലാണ് കേടായ ഭക്ഷ്യവസ്തുക്കളും ഉറവിടമറിയാത്ത കണ്ടെത്തിയത്. ഉപയോഗശൂന്യമായ കോഴിയിറച്ചി, മിന്‍സ്ഡ് മീറ്റ്, പച്ചക്കറികള്‍, മസാല എന്നിവയാണ് കണ്ടെത്തിയത്. ഇവ പിടിച്ചെടുത്ത് നശിപ്പിച്ച മന്ത്രാലയം പ്രാഥമിക അന്വേഷണം നടത്തി കേസ് നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. വാണിജ്യ വഞ്ചനാ കേസ് പ്രതികള്‍ക്ക് മൂന്നു വര്‍ഷം വരെ തടവുശിക്ഷയും 10 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കും. നിയമം ലംഘിക്കുന്ന വിദേശികളെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തും. 


 

click me!