ഖത്തറില്‍ രക്ഷിതാവിന്റെ സ്‍പോണ്‍സര്‍ഷിപ്പില്‍ മക്കള്‍ക്ക് ജോലി ചെയ്യാം

By Web TeamFirst Published Oct 10, 2019, 6:11 PM IST
Highlights

പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്ക് സ്‍പോണ്‍സര്‍ഷിപ്പ് മാറാതെതന്നെ ഇനി ഖത്തറില്‍ ജോലി ചെയ്യാം. 

ദോഹ: ഖത്തറില്‍ ഇനി രക്ഷിതാവിന്റെ സ്‍പോണ്‍സര്‍ഷിപ്പില്‍ തന്നെ മക്കള്‍ക്ക് ജോലി ചെയ്യാം. ആഭ്യന്തര, തൊഴില്‍ മന്ത്രാലയം അധികൃതരാണ് വാര്‍ത്താസമ്മേളനത്തില്‍ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. നിലവില്‍ പ്രവാസികളുടെ പെണ്‍മക്കള്‍ക്ക് മാത്രമാണ് ഇങ്ങനെ ജോലി ചെയ്യാന്‍ അനുമതിയുണ്ടായിരുന്നത്.

പുതിയ തീരുമാനത്തോടെ പ്രവാസി കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും വിസ മാറാതെ തന്നെ ഖത്തറില്‍ ജോലി ചെയ്യാന്‍ സാധിക്കും. ഇതിനായി അധികൃതരുടെ പ്രത്യേക അനുമതി ആവശ്യമാണ്. കമ്പനികള്‍ക്ക് ലഭിക്കുന്ന താല്‍കാലിക വിസയിലൂടെ ഇത്തരക്കാരെ ജോലിക്ക് നിയമിക്കാനാവും. ഒരു മാസം മുതല്‍ ആറ് മാസം വരെയുള്ള കാലാവധിയിലായിരിക്കും താല്‍കാലിക വിസ അനുവദിക്കുന്നത്.  താല്‍കാലിക വിസയ്ക്കുള്ള ഫീസ് നിരക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു മാസത്തേക്ക് 300 റിയാല്‍, രണ്ട് മാസത്തേക്ക് 500 റിയാല്‍ എന്നിങ്ങനെയും മൂന്നു മുതല്‍ ആറ് മാസം വരെ ഓരോ മാസത്തേക്കും 200 റിയാല്‍ വീതവുമാണ് ഫീസ്.

സ്വകാര്യ കമ്പനികള്‍, വാണിജ്യ സ്ഥാപനങ്ങള്‍, ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം ഇത്തരത്തില്‍ താല്‍കാലിക വിസ ലഭിക്കും. ഖത്തര്‍ വിസ സെന്ററുകള്‍ വഴിയാണ് അപേക്ഷിക്കേണ്ടതും. തൊഴില്‍ മന്ത്രാലയത്തിന്റെ അനുമതിയോടെ ആഭ്യന്തര മന്ത്രാലയമായിരിക്കും താല്‍കാലിക വിസ അനുവദിക്കുന്നത്. 

click me!