ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത തുണയായി: അപൂര്‍വ്വ രോഗം ബാധിച്ച നീതുവിനെ ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

Published : Oct 10, 2019, 03:44 PM ISTUpdated : Oct 10, 2019, 04:50 PM IST
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത തുണയായി: അപൂര്‍വ്വ രോഗം ബാധിച്ച നീതുവിനെ ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

Synopsis

യുഎഇയില്‍ വെച്ച് അപൂര്‍വ രോഗം ബാധിച്ച തിരുവനന്തപുരം സ്വദേശി നീതുവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഇന്നു നാട്ടിലേക്കു കൊണ്ടുപോകും. ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും എയര്‍ എയര്‍ഇന്ത്യ വിമാനത്തിലാണ് നീതുവിനെ നാട്ടിലേക്കെത്തിക്കുന്നത്.

അബുദാബി: അപൂര്‍വ രോഗം ബാധിച്ച് ആറര മാസമായി അബുദാബിയിലെ ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം നെടുമങ്ങാട് വിതുര ലളിത ഭവനില്‍ ബിന്ദുവിന്റെ മകള്‍ നീതു(20)വിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഇന്നു നാട്ടിലേക്കു കൊണ്ടുപോകും. വ്യാഴാഴ്ച രാത്രി ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും എയര്‍ എയര്‍ഇന്ത്യ വിമാനത്തിലാണ് നീതുവിനെ നാട്ടിലേക്കെത്തിക്കുന്നത്. 

സ്‌ട്രെച്ചറിലുള്ള രോഗിയെ അഹല്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സും അമ്മ ബിന്ദുവും അനുഗമിക്കും. പുലര്‍ച്ചെ 5.30ന് നീതു തിരുവനന്തപുരത്ത് എത്തും. ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ നീതുവിനെ സന്ദര്‍ശിച്ച വ്യവസായ മന്ത്രി ഇ.പി ജയരാജനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനുമാണു നോര്‍ക്കയുടെ സഹായം ഉറപ്പു നല്‍കിയത്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകണ്ടാണ് ഗള്‍ഫ് സന്ദര്‍ശനത്തിനെത്തിയ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും വ്യവസായ മന്ത്രി ഇപി ജയരാജനും ആശുപത്രിയിലെത്തി നീതുവിനെ സന്ദർശിച്ചത്.
 

സന്ദര്‍ശകവിസയില്‍ ഭര്‍ത്താവിനൊപ്പം അമ്മയെകാണാന്‍ അബുദാബിയിലെത്തിയതായിരുന്നു നീതു. ഇവിടെവച്ചാണ് നീതുവിന് ഓട്ടോ ഇമ്യൂൺ എൻസഫലിറ്റിസ് എന്ന അപൂര്‍വരോഗം പിടിപ്പെട്ടത്. പനിയുടെയും ഛർദിയുടെയും രൂപത്തിലായിരുന്നു തുടക്കം. പിന്നീടത് നിര്‍ത്താതെയുള്ള അപസ്മാരമായി. തുടര്‍ന്ന് നീതുവിനെ ഖലീഫ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആറുമാസത്തോളമായി ആശുപത്രി കിടക്കയിലായിരുന്നു നീതു. അരയ്ക്ക് താഴേക്ക് ചലനം നഷ്ടമായ അവസ്ഥയിലാണിപ്പോള്‍. ചിലപ്പോഴെങ്കിലും നേരിയ ബോധം തിരിച്ചുകിട്ടുമെങ്കിലും ആളുകളെ മനസ്സിലാവില്ല.

സന്ദര്‍ശക വിസയിലെത്തിയ നീതുവിന് ഈ മാസം 26 വരെയേ യുഎഇയിൽ ചികിത്സയിൽ തുടരാൻ അനുമതിയുള്ളൂ. അപൂർവ​രോഗം പിടിപ്പെട്ട മകളെ നാട്ടിലെത്തിക്കാന്‍ സഹായം തേടുന്ന ശുചീകരണ തൊഴിലാളിയായ ബിന്ദുവിന്‍റെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്തകണ്ട് ഗള്‍ഫ് സന്ദര്‍ശനത്തിനെത്തിയ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും വ്യവസായ മന്ത്രി ഇപി ജയരാജനും ആശുപത്രിയിലെത്തി നീതുവിനെ സന്ദർശിച്ചു. നോര്‍ക്കയുടെ സഹായത്തോടെ നീതുവിനെ നാട്ടിലെത്തിക്കുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉറപ്പുനല്‍കിയിരുന്നു.

സര്‍ക്കാര്‍ സഹായത്തോടെ തിരുവനന്തപുരം ശ്രീചിത്രയില്‍ തുടര്‍ ചികിത്സ നല്‍കുമെന്ന് മന്ത്രി ഇപി ജയരാജനും നീതുവിന്‍റെ കുടുംബത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. മകളുടെ തുടര്‍ചികിത്സയ്ക്ക് തുക കണ്ടെത്താനാവതെ വിഷമിച്ച ബിന്ദുവിന് വലിയ ആശ്വാസമാണിപ്പോൾ. ഭര്‍ത്താവ് ഉപേക്ഷിച്ച ബിന്ദു 12 വര്‍ഷമായി യുഎഇയില്‍ തൂപ്പ് ജോലിയെടുത്താണ് മക്കളെ പഠിപ്പിച്ചത്. ഇളയമകളെ വിവാഹം കഴിപ്പിച്ച് രണ്ടുമാസം തികയും മുമ്പാണ് നീതുവിന് അപൂര്‍വരോഗം ബാധിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ