വിമാനത്താവളത്തില്‍ കൊറിയന്‍ ബാന്‍ഡിന് നേര്‍ക്ക് അസഭ്യവര്‍ഷം; വീഡിയോ പ്രചരിച്ചതോടെ യുവാവ് അറസ്റ്റില്‍

By Web TeamFirst Published Oct 3, 2022, 5:45 PM IST
Highlights

ബാന്‍ഡ് വിമാനത്താവളത്തില്‍ എത്തുന്നതിനിടെ പൊതു ധാര്‍മ്മികതയെ ഹനിക്കുന്ന പദപ്രയോഗങ്ങളോടെയാണ് പ്രതി ഇവരോട് പെരുമാറിയതെന്ന് പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

റിയാദ്: സൗദി അറേബ്യയിലെത്തിയ കൊറിയന്‍ കെ-പോപ്പ് ബാന്‍ഡിനെ ശല്യം ചെയ്ത സൗദി പൗരന്‍ അറസ്റ്റില്‍. കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ കൊറിയന്‍ കെ-പോപ്പ് ബാന്‍ഡിനെ ശല്യപ്പെടുത്തിയ യുവാവിനെയാണ് റിയാദ് പൊലീസ് അറസ്റ്റ് ചെയ്തത്. 

സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ ഒന്നു വരെ റിയാദില്‍ നടക്കുന്ന കെ-കോണ്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനാണ് കൊറിയന്‍ ബാന്‍ഡ് സൗദി തലസ്ഥാനത്ത് എത്തിയത്. ബാന്‍ഡ് വിമാനത്താവളത്തില്‍ എത്തുന്നതിനിടെ പൊതു ധാര്‍മ്മികതയെ ഹനിക്കുന്ന പദപ്രയോഗങ്ങളോടെയാണ് പ്രതി ഇവരോട് പെരുമാറിയതെന്ന് പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ പ്രചരിച്ചിരുന്നു. ഇയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ച ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു. കൊറിയന്‍ സംസ്‌കാരം വിളിച്ചോതുന്ന പ്രദര്‍ശനവും കൊറിയന്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള സ്ഥലവും ഉള്‍പ്പെടുന്ന കെ-കോണ്‍ ഫെസ്റ്റിവലില്‍ സൗദിയില്‍ നിന്നുള്ള നിരവധി ആരാധകര്‍ ഭാഗമാകും. 

Read More: ക്ലാസ് ടീച്ചര്‍ നോക്കിനില്‍ക്കെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ അടിപിടി; ഒരാള്‍ക്ക് പരിക്ക്, വൈറലായി വീഡിയോ

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സൗദി അറേബ്യയില്‍ വീടിന് മുമ്പില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ കത്തിക്കാന്‍ ശ്രമിച്ചയാളെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയ്ക്ക് പിന്നാലെ പിടികൂടിയിരുന്നു. മൂന്നു വാഹനങ്ങള്‍ കത്തിക്കാന്‍ ശ്രമിച്ച ഇയാളെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വാഹനങ്ങള്‍ ഇയാള്‍ കത്തിക്കാന്‍ ശ്രമിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

പ്ലാസ്റ്റിക് ബാഗു കൊണ്ട് മുഖം മൂടിയ ഒരാള്‍ കാറില്‍ നിന്നിറങ്ങി ഒരു വീടിന് മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്ക് ചുറ്റും കത്തുന്ന എന്തോ വസ്തു ഒഴിക്കുന്നതും തീ കൊളുത്തിയ ശേഷം സ്വന്തം കാറില്‍ രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ കാറുകളിലേക്ക് തീ പടര്‍ന്നില്ല. വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റം സമ്മതിച്ചു. വീട്ടുകാരനുമായി ഉണ്ടായ തര്‍ക്കം കാരണമാണ് ഇത്തരത്തില്‍ ചെയ്തതെന്ന് ഇയാള്‍ പറഞ്ഞു. തുടര്‍ നിയമ നടപടികള്‍ക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Read More:  കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കമിതാക്കളുടെ പണം കവര്‍ന്നു; രണ്ട് പ്രതികള്‍ക്ക് ജയില്‍ശിക്ഷ

click me!