ലഹരിമരുന്ന് കടത്ത്; സൗദിയില്‍ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

By Web TeamFirst Published Nov 24, 2022, 6:45 PM IST
Highlights

ആംഫെറ്റാമൈന്‍ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

റിയാദ്: സൗദി അറേബ്യയില്‍ ലഹരി മരുന്ന് കേസില്‍ പിടിയിലായ സ്വദേശി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയിലെ അല്‍ ജൗഫിലാണ് സ്വദേശിയുടെ വധശിക്ഷ നടപ്പാക്കിയത്. 

മുഹന്നദ് ബിന്‍ സഊദ് ബിന്‍ ശിഹാബ് അറുവൈലി എന്ന സൗദി പൗരനെയാണ് ശനിയാഴ്ച വധശിക്ഷയ്ക്ക് വിധേയനാക്കിയത്. ആംഫെറ്റാമൈന്‍ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ വധശിക്ഷ നടപ്പാക്കാനുള്ള കോടതി വിധി അപ്പീല്‍ കോടതിയും തുടര്‍ന്ന് സുപ്രീം കോടതിയും ശരിവെച്ചിരുന്നു. വിധി നടപ്പാക്കാന്‍ റോയല്‍ കോടതി ഉത്തരവിടുകയും ചെയ്തു. 

Read More -  കനത്ത മഴയില്‍ മുങ്ങി ജിദ്ദ; നിരവധിപ്പേര്‍ വെള്ളക്കെട്ടിൽ കുടുങ്ങി, വിമാന സർവിസുകളെയും ബാധിച്ചു

സൗദിയില്‍ മയക്കുമരുന്ന് കടത്തിന് പിടിയിലായ രണ്ട് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കിയിരുന്നു. അമൂദി സുലൈമാന്‍ തന്‍ദി, ഇദ്‍രീസ് അദീമോമി അജീബോജൊ എന്നിവരുടെ വധശിക്ഷയാണ് കഴിഞ്ഞ ദിവസം നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നൈജീരിയന്‍ പൗരന്മാരായ ഇരുവരും കൊക്കൈന്‍ കടക്കുന്നതിനിടെയാണ് അറസ്റ്റിലായത്. തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കി കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. തുടര്‍ നടപടികളെല്ലാം പൂര്‍ത്തിയായതോടെ  മദീനയിലാണ് ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയത്.

മയക്കുമരുന്ന് കടത്തിനിടെ പിടിയിലായ ഒരു വിദേശിയുടെ വധശിക്ഷ രണ്ടാഴ്ച മുമ്പും സൗദി അറേബ്യ നടപ്പാക്കിയിരുന്നു. ലഹരി ഗുളികകളുടെ വലിയ ശേഖരവുമായി സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായ സിറിയന്‍ പൗരന്‍ അബ്‍ദുല്ല ശാകിര്‍ അല്‍ഹാജ് ഖലഫ് എന്നയാളുടെ വധശിക്ഷയാണ് അന്ന് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഇയാളുടെയും വിചാരണ പൂര്‍ത്തിയാക്കിയ കോടതി, വധശിക്ഷ വിധിക്കുകയായിരുന്നു. തുടര്‍ന്ന് റിയാദിലാണ് ശിക്ഷ നടപ്പാക്കിയത്.  ലഹരിക്കടത്തിന് കടുത്ത ശിക്ഷയാണ് സൗദി അറേബ്യയിലെ നിയമപ്രകാരം കുറ്റവാളികള്‍ക്ക് ലഭിക്കുക.  

Read More -  അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയ രണ്ട് പ്രവാസി വനിതകള്‍ അറസ്റ്റില്‍

മയക്കുമരുന്ന് കടത്ത് കേസില്‍ പ്രതികളായ രണ്ട് പാകിസ്ഥാന്‍ പൗരന്മാരുടെ വധശിക്ഷയും ഈ മാസം തന്നെ നേരത്തെ സൗദി അറേബ്യ നടപ്പാക്കിയിരുന്നു. മുഹമ്മദ് ഇര്‍ഫാന്‍ ഗുലാം അലി, ലിയാഖത്ത് അലി മുഹമ്മദ് അലി എന്നിവരുടെ വധശിക്ഷയാണ് റിയാദില്‍ നടപ്പാക്കിയതെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. ഹെറോയിന്‍ കടത്തുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്.

 

click me!