അവിശ്വസനീയമായ ചതി, അരനൂറ്റാണ്ട് നീണ്ട പൗരത്വ തട്ടിപ്പ്, 264 പേരുടെ കുവൈത്ത് പൗരത്വം തുലാസിൽ

Published : Jan 10, 2026, 05:15 PM IST
court

Synopsis

അരനൂറ്റാണ്ട് നീണ്ട പൗരത്വ തട്ടിപ്പ്. 264 പേരുടെ കുവൈത്ത് പൗരത്വം തുലാസിൽ. മക്കളും പേരക്കുട്ടികളുമടക്കം 264 പേർ നിയമവിരുദ്ധമായി കുവൈത്തി പൗരത്വത്തിന്റെ ആനുകൂല്യങ്ങൾ അനുഭവിക്കുന്നതായി കണ്ടെത്തി.

കുവൈത്ത് സിറ്റി: കുവൈത്തിലെ നാഷണാലിറ്റി ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ പരിശോധനയിൽ, പതിറ്റാണ്ടുകളായി തുടർന്നുവന്ന ഏറ്റവും സങ്കീർണ്ണമായ ഒരു പൗരത്വ തട്ടിപ്പ് പുറത്തുകൊണ്ടുവന്നു. ഒരു അയൽ രാജ്യത്തുനിന്നുള്ള മൂന്ന് സഹോദരങ്ങൾ വ്യത്യസ്ത കുടുംബപ്പേരുകളിൽ കുവൈത്തി പൗരത്വം നേടിയ സംഭവമാണിത്. ഈ തട്ടിപ്പിന്റെ ഫലമായി നിലവിൽ ഇവരുടെ മക്കളും പേരക്കുട്ടികളുമടക്കം 264 പേർ നിയമവിരുദ്ധമായി കുവൈത്തി പൗരത്വത്തിന്റെ ആനുകൂല്യങ്ങൾ അനുഭവിക്കുന്നതായി കണ്ടെത്തി.

ഒരേ പിതാവിന്റെ മക്കളായ ഈ മൂന്ന് സഹോദരങ്ങളും കുവൈത്തിൽ എത്തിയപ്പോൾ മൂന്ന് വ്യത്യസ്ത കുവൈത്തി പൗരന്മാരുടെ മക്കളാണെന്ന് കാണിച്ചാണ് രേഖകൾ ചമച്ചത്. ഒരേ കുടുംബപ്പേരും പിതാവുമുള്ള ഇവർ കുവൈത്തിൽ വന്നപ്പോൾ പരസ്പരം യാതൊരു ബന്ധവുമില്ലാത്ത അപരിചിതരായിട്ടാണ് രേഖകളിൽ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ 50 വർഷമായി ഈ രഹസ്യം ആർക്കും പിടികൊടുക്കാതെ ഇവർ കാത്തുസൂക്ഷിച്ചു. ഓരോരുത്തരും വ്യത്യസ്ത കുടുംബങ്ങളുടെ ഭാഗമായതിനാൽ അധികൃതർക്ക് ഇവരെ സംശയിക്കാൻ കഴിഞ്ഞിരുന്നില്ല.

2006-ൽ ഇറാനിൽ വെച്ചുണ്ടായ ഒരു സാമ്പത്തിക തർക്കമാണ് ഈ വൻ ചതിയുടെ ചുരുളഴിച്ചത്. കേസിലെ ഒന്നാം പ്രതിയുടെ മകൻ നിയമവിരുദ്ധമായി കുവൈത്ത് വിടുകയും ഇറാനിൽ വെച്ച് ചില നിയമപ്രശ്നങ്ങളിൽ കുടുങ്ങുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ, ഈ വ്യക്തിക്ക് മറ്റൊരു ഗൾഫ് രാജ്യത്തിന്റെ പൗരത്വം കൂടി ഉണ്ടെന്ന് ടെഹ്‌റാനിലെ കുവൈത്ത് എംബസി കണ്ടെത്തി. എംബസി നൽകിയ രേഖകൾ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുകയും തുടർന്ന് നടത്തിയ വിപുലമായ അന്വേഷണത്തിൽ മൂന്ന് സഹോദരങ്ങളുടെയും കള്ളക്കളി പുറത്താവുകയുമായിരുന്നു.

ഈ തട്ടിപ്പിലൂടെ പൗരത്വം നേടിയ 264 പേർക്കും സർക്കാർ നൽകിവന്നിരുന്ന എല്ലാ ആനുകൂല്യങ്ങളും റദ്ദാക്കാനും ഇവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാനുമാണ് അധികൃതരുടെ തീരുമാനം. കുവൈത്ത് പൗരത്വ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പരിശോധനകളിൽ കണ്ടെത്തിയ ഏറ്റവും വലിയ കേസുകളിൽ ഒന്നാണിത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്വർണ്ണവില സർവ്വകാല റെക്കോർഡിലേക്ക്, ദുബൈയിൽ ഗ്രാമിന് 500 ദിർഹം കടന്നു
സൗദി അറേബ്യയുടെ ആഭ്യന്തര സഹമന്ത്രി അന്തരിച്ചു