കൊവിഡ് ബാധിച്ച പ്രവാസികള്‍ക്ക് 10,000 രൂപ; ലോക്ക് ഡൗണില്‍ കുടുങ്ങിയവര്‍ക്കും സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Apr 11, 2020, 7:23 PM IST
Highlights

കൊവിഡ് ബാധിച്ച പ്രവാസികള്‍ക്ക് 10,000 രൂപ; ലോക്ക് ഡൗണില്‍ കുടുങ്ങിയവര്‍ക്കും സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നോര്‍ക്ക റൂട്ട്‌സ്, കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് എന്നിവ പ്രവാസികള്‍ക്കായി ആശ്വാസ സഹായങ്ങള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാ പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന് പുറമെ ഒറ്റത്തവണ ധനസഹായമായി 1000 രൂപ വീതം നല്‍കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 15,000 പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും

ക്ഷേമനിധിയില്‍ അംഗങ്ങളായ കൊവിഡ് സ്ഥിരീകരിച്ച എല്ലാവര്‍ക്കും 10,000 രൂപ വീതം അടിയന്തര സഹായം അനുവദിക്കും. ക്ഷേമനിധി ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്നാണ് സഹായങ്ങള്‍ നല്‍കുന്നത്. 2020 ജനുവരി ഒന്നിന് ശേഷം സാധുതയുള്ള പാസ്‌പോര്‍ട്ട്, തൊഴില്‍ വിസ എന്നിവയുമായി വിദേശ രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തി ലോക്ക് ഡൌണ്‍ കാരണം തിരിച്ച് പോകാന്‍ സാധിക്കാത്തവര്‍ക്കും ലോക്ക് ഡൌണ്‍ കാലയളവില്‍ വിസ കാലാവധി തീര്‍ന്നവര്‍ക്കും മാര്‍ച്ച് 26 മുതല്‍ സര്‍ക്കാര്‍ തീരുമാനം വരെ 5000 രൂപ അടിയന്തര സഹായം നോര്‍ക്ക നല്‍കും.

സാന്ത്വനം പദ്ധതിയുടെ രോഗങ്ങളുടെ പട്ടികയില്‍ കൊവിഡ് 19 ഉള്‍പ്പെടുത്തി, കോവിഡ് പോസിറ്റീവ് ആയതും എന്നാല്‍ ക്ഷേമനിധി സഹായം ലഭ്യമാവാത്തവരുമായ പ്രവാസികള്‍ക്ക് 10,000 രൂപ സഹായം നല്‍കും.  പ്രവാസികള്‍ ഇന്ന് അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ എല്ലാവരുടെയു മനസില്‍ വലിയ വിഷമങ്ങളുണ്ടാക്കുന്നു. പ്രവാസികളുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധയുണ്ട്. ഒന്നിച്ച് നിന്ന് സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുകയാണ് ഇപ്പോള്‍ മുന്നിലുള്ള വഴി. പ്രവാസ ലോകത്ത് നിന്നുവരുന്ന ഓരോ പ്രശ്‌നങ്ങളും കേന്ദ്ര സര്‍ക്കാറിന്റെയും എംബസിയുടെയും  പ്രവാസ ലോകത്ത് തന്നെയുള്ള സന്നദ്ധ സംഘടനകളുടെയും പ്രമുഖ പ്രമുഖ വ്യക്തിത്വങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.

ചികിത്സ, ഭക്ഷണം, സുരക്ഷിതമായ താമസ സ്ഥലം ഇവ ഉറപ്പാക്കാനാണ് പ്രാഥമികമായി ശ്രമിക്കുന്നത്. ഓരോരുത്തരും പൂര്‍ണമനസോടെ പങ്കാളികളാകേണ്ട യജ്ഞമാണിതെന്നും ഇവിടെ മറ്റെല്ലാ ഭിന്നതകളും മാറ്റിവെയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസ ലോകത്ത് നിന്നുള്ള ഏത് വിഷയങ്ങളും കേള്‍ക്കാനും സാധ്യമായ ഇടപെടലുകള്‍ നടത്താനും നോര്‍ക്കയും സര്‍ക്കാറും സദാ ജാഗരൂഗരാണ്. നാം ഈ കാലത്തെ അതിജീവിക്കുക തന്നെ ചെയ്യുമെന്നാണ് പ്രവാസി സഹോദരങ്ങോട് പറയാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

click me!