
റിയാദ്: മുൻകൂട്ടി സമ്മതിച്ച സ്ഥലങ്ങളിൽ ഗുണഭോക്താക്കൾക്ക് കൊറിയർ പാഴ്‌സലുകൾ എത്തിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് 5,000 റിയാലിൽ കുറയാത്ത പിഴ ചുമത്തുമെന്ന് സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി. ഗുണഭോക്താക്കൾക്ക് തങ്ങളുടെ പാഴ്‌സലുകൾ ലഭിക്കുന്നതിന് കാലതാമസമോ, പാഴ്‌സലുകൾ ലഭിക്കാതിരിക്കുകയോ ചെയ്താൽ ഡെലിവറി കമ്പനികൾക്കെതിരെ പരാതിപ്പെടാവുന്നതാണ്. ഇതിനുള്ള സംവിധാനം അതോറിറ്റി വിശദീകരിച്ചു. ഓൺലൈൻ സ്റ്റോറുകളിൽനിന്നുള്ള പർച്ചേസ് ഓർഡറുകൾ നടപ്പാക്കുമ്പോൾ, വ്യത്യസ്ത സ്ഥലങ്ങളിൽനിന്ന് പാഴ്‌സലുകൾ ശേഖരിക്കാൻ ഗുണഭോക്താക്കളെ നിർബന്ധിക്കാതെ, നിർദ്ദിഷ്ടവും സമ്മതിച്ചതുമായ സ്ഥലങ്ങളിലേക്ക് അവ എത്തിക്കുന്നതിന് കമ്പനികൾക്ക് ബാധ്യതയുണ്ട്. ഇത്തരം നടപടിക്രമങ്ങളിൽ വീഴ്ച്ച വരുത്തിയാൽ കമ്പനികൾക്ക് 5,000 റിയാലിൽ കുറയാത്ത പിഴ ചുമത്തുമെന്ന് അതോറിറ്റി അറിയിച്ചു.
തങ്ങളുടെ പാഴ്‌സലുകൾ വൈകിയെത്തിയതോ വിതരണം ചെയ്യാത്തതോ ആയി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നം ഗുണഭോക്താവ് നേരിട്ടാൽ, അവർക്ക് നേരിട്ട് പാഴ്സൽ ഡെലിവറി കമ്പനിയോട് അക്കാര്യം പരാതിപ്പെടാമെന്ന് അതോറിറ്റി വിശദീകരിച്ചു. കമ്പനി മറുപടി നൽകുന്നില്ലെങ്കിലോ അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പരാതി തൃപ്തികരമായി പരിഹരിക്കപ്പെടുന്നില്ലെങ്കിലോ ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് പരാതി നൽകാം. ഇങ്ങനെ ലഭിക്കുന്ന പരാതിയിൽ ചട്ടങ്ങൾക്കനുസൃതമായി ആവശ്യമായ നടപടികൾ അതോറിറ്റി സ്വീകരിക്കും.
പ്രതികരണം വേഗത്തിലാക്കാനും പരാതികൾ പരിഹരിക്കാനും ഗുണഭോക്തൃ സേവന പ്ലാറ്റ്‌ഫോം ഗുണഭോക്തൃ പരിചരണ അക്കൗണ്ട്, അംഗീകൃത ഔദ്യോഗിക ചാനലുകൾ, 19929 എന്ന ഏകീകൃത നമ്പർ എന്നിവ വഴി അതോറിറ്റിയെ ബന്ധപ്പെടാം. ഫലപ്രദമായ മേൽനോട്ട സംവിധാനങ്ങളിലൂടെ ഗതാഗത, ലോജിസ്റ്റിക് സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരം നടപടികളെന്ന് അതോറിറ്റി വിശദീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ