മുന്‍ഗണനാക്രമം കാറ്റില്‍പ്പറത്തി അനര്‍ഹര്‍ ഇടംനേടുന്നു; പ്രവാസി മടക്കത്തില്‍ പരാതി

By Web TeamFirst Published May 12, 2020, 12:06 AM IST
Highlights

അബുദാബി എന്‍എംസി ഗ്രൂപ്പിലെ മുന്‍ജീവനക്കാരന്‍ സുരേഷ് കൃഷ്ണമൂര്‍ത്തി ഭാര്യയും മൂന്നുമക്കളും വീട്ടുജോലിക്കാരിയുമടങ്ങുന്ന ആറംഗക്കുടുംബത്തോടൊപ്പം കൊച്ചിയിലെത്തിയതാണ് യോഗ്യതാ പട്ടികയിലെ സുതാര്യതയില്‍ സംശയമുണര്‍ത്തുന്നത്.

ദുബായ്: ഗള്‍ഫില്‍ നിന്നുള്ള പ്രവാസി മടക്കത്തില്‍ മുന്‍ഗണനാക്രമം കാറ്റില്‍പറത്തി അനര്‍ഹര്‍ ഇടംനേടുന്നതായി പരാതി. ഗര്‍ഭിണികളും അടിയന്തര ചികിത്സ വേണ്ടവരും കാത്തിരിക്കെ, കുടുംബത്തിനൊപ്പം വീട്ടുജോലിക്കാരിയെവരെ നാട്ടിലെത്തിച്ച പ്രവാസി മലയാളിക്കെതിരെ പ്രതിഷേധം ശക്തമായി. കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരം അടിയന്തര ചികിത്സ വേണ്ടവർക്കും ഗർഭിണികൾക്കും തൊഴിൽ നഷ്ടപ്പെട്ടവർക്കും മറ്റുമാണ് നാട്ടിലേക്കുള്ള മടക്കത്തില്‍ മുൻഗണന.

എന്നാല്‍, അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ആദ്യയാത്രയില്‍ പൂർണ ആരോഗ്യവാന്മാരായ ചെറുപ്പക്കാരും ജോലിയും വിസയുമുള്ളവരുമെല്ലാം യോഗ്യന്മാരായി നാട്ടിലെത്തിയതായാണ് ആരോപണം. അബുദാബി എന്‍എംസി ഗ്രൂപ്പിലെ മുന്‍ജീവനക്കാരന്‍ സുരേഷ് കൃഷ്ണമൂര്‍ത്തി ഭാര്യയും മൂന്നുമക്കളും വീട്ടുജോലിക്കാരിയുമടങ്ങുന്ന ആറംഗക്കുടുംബത്തോടൊപ്പം കൊച്ചിയിലെത്തിയതാണ് യോഗ്യതാ പട്ടികയിലെ സുതാര്യതയില്‍ സംശയമുണര്‍ത്തുന്നത്.

അടിയന്തരമായി വീട്ടിലെത്തണമെന്ന് എംബസിയെ ധരിപ്പിച്ച്, ഒരേ പിഎന്‍ആറില്‍ ഒരു ബുക്കിംഗ് കോഡിലാണ് ആറുപേര്‍ക്കും ടിക്കറ്റെടുത്തത്. ഇതോടെ ആഴ്ചകളോളം പ്രവാസികളെ കൊണ്ട് രജിസ്റ്റര്‍ ചെയ്യിപിച്ച വന്ദേഭാരത് മിഷന്‍റെ പേരില്‍ നടക്കുന്നത് പറ്റിക്കലാണെന്ന് വ്യക്തമായതായി പ്രവാസികള്‍ പറയുന്നു. വിഷയം കേന്ദ്രസര്‍ക്കാര്‍ അന്വേഷിച്ച് പിഴവുകള്‍ക്ക് ഉത്തരവാദി ആരെന്ന് കണ്ടുപിടിക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. യാത്ര ചെയ്യുന്നവരുടെ ലിസ്റ്റും അവർ യാത്രക്ക് അർഹത നേടിയ കാരണവും പരസ്യപ്പെടുത്താൻ എംബസിയോ എയർ ഇന്ത്യയോ തയാറാവണമെന്നുമാണ് ഗള്‍ഫ് മലയാളികള്‍ പറയുന്നത്.

click me!