
അബുദാബി: അബുദാബിയില്‍ ഉയരുന്ന ഹിന്ദു ക്ഷേത്രത്തിന്റെ അടിത്തറ നിര്‍മാണം തുടങ്ങി. അബൂ മുറൈഖയില്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ അനുവദിച്ച സ്ഥലത്താണ് കഴിഞ്ഞ ദിവസം നിര്‍മാണം തുടങ്ങിയത്. ബ്രഹ്മവിഹാരി സ്വാമി അക്ഷയ്‍മുനിദാസിന്റെ കാര്‍മികത്വത്തില്‍ പ്രത്യേക പൂജകളോടെയായിരുന്നു തുടക്കം.
നിരവധി ട്രക്കുകളില്‍ നിന്ന് പൈപ്പുകള്‍ വഴി കോണ്‍ക്രീറ്റ് മിശ്രിതം തറയില്‍ നിറയ്ക്കുകയായിരുന്നു. 55 ശതമാനം ഫ്ലൈ ആഷ് ഉള്‍ക്കൊള്ളുന്ന 3000 ക്യുബിക് മീറ്റര്‍ മിശ്രിതമാണ് ഉപയോഗിച്ചത്. സ്റ്റീല്‍ ഒഴിവാക്കി പരമ്പരാഗത രീതിയിലായിക്കും നിര്‍മാണം. ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്ന അതേ രീതിയില്‍ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ബാപ്‍സ് ഭാരവാഹികള്‍ അറിയിച്ചു. മുന്നൂറിലധികം സെന്‍സറുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സ്ഥാപിച്ച് മര്‍ദ്ദം, ഊഷ്മാവ് തുടങ്ങിയവയുടെ ഓണ്‍ലൈന്‍ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കും.
അടിത്തറ നിര്‍മാണം പൂര്‍ത്തിയായ ശേഷം മറ്റ് നിര്‍മിതികള്‍ ഇന്ത്യയില്‍ തന്നെ രൂപകല്‍പന ചെയ്ത് അബുദാബിയിലെത്തിക്കുകയാവും ചെയ്യുക. ക്ഷേത്രത്തിലാവശ്യമായ ശിലകളുടെ നിര്‍മാണം ഇന്ത്യയില്‍ പുരോഗമിക്കുകയാണ്. ഇവ അബുദാബിയിലെത്തിച്ചശേഷം ഇവിടെ വെച്ച് കൂട്ടിയോജിപ്പിച്ചാവും യുഎഇയിലെ ആദ്യ കല്‍ക്ഷേത്രം പൂര്‍ത്തീകരികരിക്കുക. 2020ഓടെ ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസത്തെ ചടങ്ങില്‍ യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ മുഖ്യാതിഥിയായിരുന്നു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ അബുദാബി സാമൂഹിക വികസന അതോരിറ്റി സിഇഒ ഡോ. ഉമര്‍ അല്‍ മുതന്ന, സ്വാമി അക്ഷയ്‍മുനിദാസ്, ബാപ്‍സ് ഹിന്ദു മന്ദിര്‍ ക്ഷേത്ര ട്രസ്റ്റിമാരായ രോഹിത് പട്ടേല്‍, യോഗേഷ് മെഹ്‍ത തുടങ്ങിയവര്‍ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam