
ദുബായ്: യുഎഇയില്‍ പുതുതായി ഡ്രൈവിങ് ലൈസന്‍സ് നേടുന്നവരുടെ ഡ്രൈവിങ് രീതികള്‍ നിരന്തരം പരിശോധിക്കാന്‍ സംവിധാനം വരുന്നു. ദുബായ് പൊലീസ് ഓഫീസേഴ്സ് ക്ലബില്‍ ചേര്‍ന്ന ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ യോഗത്തിലാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കിയത്.
പുതിയതായി ഡ്രൈവിങ് ലൈസന്‍സ് നേടുന്ന യുവ ഡ്രൈവര്‍മാരെ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. ഇത്തരം ഡ്രൈവര്‍മാര്‍ ഓടിക്കുന്ന വാഹനങ്ങളില്‍ പ്രത്യേക കണ്‍ട്രോള്‍ ഉകരണങ്ങള്‍ ഘടിപ്പിക്കും. ഇതിലൂടെ ഇവരുടെ റോഡിലെ പെരുമാറ്റവും ഡ്രൈവിങ് വൈദഗ്ദ്യവും രണ്ട് വര്‍ഷം നിരീക്ഷിക്കാനാണ് പദ്ധതിയെന്ന് ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ ചെയര്‍മാനും ദുബായ് പൊലീസ് അസിസ്റ്റന്റ് കമാന്ററുമായ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സാഫിന്‍ പറഞ്ഞു.
വിവിധ എമിറേറ്റുകളിലെ റോഡുകളില്‍ വേഗത നിയന്ത്രണത്തിന് ഒരു ഏകീകൃത സംവിധാനം കൊണ്ടുവരാനുള്ള പദ്ധതിക്കും യോഗത്തില്‍ ധാരണയായിട്ടുണ്ട്. എല്ലാ എമിറേറ്റുകളിലും ഒരേ വേഗപരിധി നിശ്ചയിക്കുന്നതിനെക്കുറിച്ച് പഠിച്ചുവരികയാണെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സാഫിന്‍ പറഞ്ഞു. അപകടങ്ങള്‍ പരമാവധി കുറയ്ക്കുന്ന തരത്തില്‍ വളരെ കൃത്യമായി വേഗ നിയന്ത്രണം നടപ്പാക്കാന്‍ സമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വിവിധ എമിറേറ്റുകളിലെ ഉദ്ദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ വെച്ച് ഇക്കാര്യവും ചെര്‍ച്ച ചെയ്തു. രാജ്യത്തെ റോഡ് അപകടങ്ങളുടെ വിവരവും ചര്‍ച്ചാവിഷയമായി. 2018 ജനുവരി ഒന്നു മുതല്‍ ഓഗസ്റ്റ് 26 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അപകടങ്ങളുടെ എണ്ണത്തില്‍ എട്ട് ശതമാനം കുറവ് വന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. യുഎഇ ഫെഡറല്‍ ട്രാഫിക് നിയമത്തില്‍ ആവശ്യമായ ഭേദഗതികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam