സൗദിയിൽ കോവിഡ് മരണം നാലായി; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 1203 പേര്‍ക്ക്

By Web TeamFirst Published Mar 28, 2020, 11:48 PM IST
Highlights

ശനിയാഴ്ച പുതുതായി 99പേർക്ക് രോഗമുണ്ടെന്ന് കണ്ടെത്തി. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 1203 ആയി ഉയർന്നെന്ന് സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

റിയാദ്: സൗദി അറേബ്യയിൽ ശനിയാഴ്ച ഒരു കൊവിഡ് മരണം കൂടി. റിയാദിൽ സൗദി പൗരനാണ് മരിച്ചത്. മറ്റ് അസുഖങ്ങളാൽ സ്ഥിരം ബുദ്ധിമുട്ടിയിരുന്ന ഇയാളെ കോവിഡ് പിടികൂടുകയായിരുന്നു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. രണ്ട് വിദേശികൾ മദീനയിലും ഒരു വിദേശി മക്കയിലുമാണ് നേരത്തെ മരിച്ചത്. 

ശനിയാഴ്ച പുതുതായി 99പേർക്ക് രോഗമുണ്ടെന്ന് കണ്ടെത്തി. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 1203 ആയി ഉയർന്നെന്ന് സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച രണ്ടുപേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്. മൊത്തം രോഗമുക്തരുടെ എണ്ണം 37 ആയി. പുതിയ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത് റിയാദിലാണ്, 41. ജിദ്ദയിൽ 18ഉം മക്കയിലും ഖത്വീ-ഫിലും 12 വീതവും മദീനയിൽ ആറും തബൂഖ്, ഖമീസ് മുശൈത്ത് എന്നിവിടങ്ങളിൽ മൂന്നു വീതവും, അബഹ, ഹുഫൂഫ്, അൽഖോബാർ, സൈഹാത്ത് എന്നിവിടങ്ങളിൽ ഓരോന്നുവീതവുമാണ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തത്. ഇതിൽ കിഴക്കൻ പ്രവിശ്യയിലെ സൈഹാത്തിൽ ആദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. പുതിയ കേസുകളിൽ 10 പേർ കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്ന് സൗദിയിൽ തിരിച്ചെത്തിയവരാണ്. ബാക്കി 89 പേർക്ക് രാജ്യത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചവരിൽ നിന്ന് പകർന്നതാണ്. 

click me!