വിദേശത്തേക്ക് മടങ്ങാനാവാതെ ലക്ഷകണക്കിന് പ്രവാസികള്‍; ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക

By Web TeamFirst Published May 13, 2021, 9:48 AM IST
Highlights

പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന സൗദി അറേബ്യയും യുഎയുമാണ് യാത്രാ വിലക്കില്‍ കടുത്ത നിബന്ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

കോഴിക്കോട്: കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായതോടെ വിദേശത്തെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങാനാവാതെ ലക്ഷകണക്കിന് പ്രവാസികള്‍. പല രാജ്യങ്ങളും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ വിസ കാലാവധി തീര്‍ന്ന് ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് പ്രവാസികള്‍.

കൊവിഡ് ഇളവുകള്‍ക്കിടെ നിരവധി പ്രവാസികള്‍ നാട്ടിലെത്തിയിരുന്നു. ഇതിനിടെ, കൊവിഡ് രണ്ടാം തരംഗം ശക്തമായതോടെ മിക്ക രാജ്യങ്ങളും പ്രവാസികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന സൗദി അറേബ്യയും യുഎയുമാണ് യാത്രാ വിലക്കില്‍ കടുത്ത നിബന്ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനിശ്ചിതമായാണ് പല വിദേശ രാജ്യങ്ങളും യാത്രാവിലക്ക് പ്രഖ്യാപിച്ചിരിക്കുന്ന കുറച്ച് നാളത്തെ അവധിയെടുത്ത് നാട്ടിലെത്തിയ പ്രവാസികളാണ് ഏറ്റവും കൂടുതല്‍ ദുരിതത്തിലായത്. ഇനി എന്ന് മടങ്ങാനാവുമെന്ന കാര്യത്തില്‍ ഒരു നിശ്ചയവുമില്ല. വിദേശത്ത് തിരിച്ചെത്തിയാല്‍ ജോലി എന്താവുമെന്ന ആശങ്കയും ഇവര്‍ക്കുണ്ട്.

വിസ കാലാവധിയും ജോലിയും നഷ്ടപ്പെടുമെന്ന ഘട്ടത്തില്‍ ചിലരെങ്കിലും വിലക്കില്ലാത്ത രാജ്യങ്ങള്‍ വഴി വന്‍ തുക യാത്രക്ക് ചിലവിട്ട് തിരിച്ച് പോകുന്നുണ്ട്. നാട്ടില്‍ കുടുങ്ങിയ വരില്‍ ഭൂരിഭാഗവും തൊഴിലാളികളാണ്. അതിനാല്‍ അവര്‍ക്ക് ഈ രീതിയില്‍ മടങ്ങാനാവില്ല. വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ വിസ കാലാവധി നീട്ടി നല്‍കാനുള്ള നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാണ് പ്രവാസി സംഘടനകളുടെ ആവശ്യം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!