ബഹ്റൈനിലെ കൊവിഡ് നിയന്ത്രണങ്ങള്‍ ജൂലൈ രണ്ട് വരെ നീട്ടി

By Web TeamFirst Published Jun 22, 2021, 10:26 PM IST
Highlights

രാജ്യത്ത് അടുത്തിടെ കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് കണക്കിലെടുത്താണ് എക്സിക്യൂട്ടീവ് കമ്മിറ്റി, നിയന്ത്രണങ്ങള്‍ നീട്ടാനുള്ള നിര്‍ദേശം നല്‍കിയത്.

മനാമ: ബഹ്റൈനില്‍ നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്‍ച കൂടി നീട്ടി. നേരത്തെ നല്‍കിയ അറിയിപ്പ് പ്രകാരം നിയന്ത്രണങ്ങള്‍ വെള്ളിയാഴ്‍ച അവസാനിക്കാനിരിക്കെയാണ് ജൂലൈ രണ്ട് വരെ നീട്ടിക്കൊണ്ട് ആരോഗ്യ മന്ത്രാലയം പുതിയ അറിയിപ്പ് പുറപ്പെടുവിച്ചത്.

രാജ്യത്ത് അടുത്തിടെ കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് കണക്കിലെടുത്താണ് എക്സിക്യൂട്ടീവ് കമ്മിറ്റി, നിയന്ത്രണങ്ങള്‍ നീട്ടാനുള്ള നിര്‍ദേശം നല്‍കിയത്. ഇതോടെ രാജ്യത്തെ മാളുകളും വാണിജ്യ സ്ഥാപനങ്ങളും ജൂലൈ രണ്ട് വരെ അടഞ്ഞുകിടക്കും. ഓണ്‍ലൈന്‍ വ്യാപാരവും ഡെലിവറിയും തടസമില്ലാതെ തുടരും. റസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമുണ്ടാകില്ല. പാര്‍സല്‍ നല്‍കുകയോ ഡെലിവറിയോ ആവാം. ജിമ്മുകള്‍, പൂളുകള്‍, വിനോദ കേന്ദ്രങ്ങള്‍, ഫിറ്റ്നസ് ഹാളുകള്‍, സിനിമാ തീയറ്ററുകള്‍ എന്നിവയും അടഞ്ഞുകിടക്കും. 

click me!