മദീന ഹറമടക്കം ആറു മേഖലകളില്‍ 14 ദിവസത്തേക്ക് കർഫ്യൂ

By Web TeamFirst Published Mar 29, 2020, 8:04 AM IST
Highlights
  • മദീന ഹറം ഉൾപ്പെടെ പ്രധാനപ്പെട്ട ആറ് മേഖലകളില്‍ 14 ദിവസത്തേക്ക് 24 മണിക്കൂര്‍ നീളുന്ന കര്‍ഫ്യൂ. 
  • ഖുര്‍ബാന്‍, ബനിദഫര്‍, ഷുറയ്ബാത്ത്, ജുമുഅ എന്നീ മേഖലകളിലും ബനീകുദ്‌റ, ഇസ്കാന്‍ എന്നിവയുടെ ഒരു ഭാഗത്തുമാണ് നിയന്ത്രണം.

റിയാദ്: മദീന ഹറം ഉൾപ്പെടെ പ്രധാനപ്പെട്ട ആറ് മേഖലകളില്‍ ശനിയാഴ്ച മുതൽ 14 ദിവസത്തേക്ക് 24 മണിക്കൂര്‍ പ്രത്യേക കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഹറമിനോട് ചേര്‍ന്നുള്ള ആറ് ഡിസ്ട്രിക്റ്റുകളിലുള്ള മുഴുവൻ ആളുകളോടും വീടുകളില്‍ സ്വയം നിരീക്ഷണത്തില്‍ തുടരാനാണ് നിര്‍ദേശം.  

ശനിയാഴ്ച രാവിലെ ആറ് മുതൽ നിരോധനാജ്ഞ നടപ്പായി. മദീന ഡവലപ്മെൻറ് അതോറിറ്റിയാണ് ഉത്തരവിട്ടത്. ഖുര്‍ബാന്‍, ബനിദഫര്‍, ഷുറയ്ബാത്ത്, ജുമുഅ എന്നീ മേഖലകളിലും ബനീകുദ്‌റ, ഇസ്കാന്‍ എന്നിവയുടെ ഒരു ഭാഗത്തുമാണ് നിയന്ത്രണം. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ മുൻകരുതലിെൻറ ഭാഗമായാണ് കർശനമായ നിയന്ത്രണം. അസുഖം ഇല്ലെന്ന് സ്ഥിരീകരിക്കാന്‍ 14 ദിവസം ആവശ്യമാണ്. അവശ്യ സേവനങ്ങളായ മരുന്ന്, വെള്ളം, ഭക്ഷണം എന്നീ ആവശ്യങ്ങള്‍ക്കായി രാവിലെ ആറ് മുതല്‍ ഉച്ചക്ക് മൂന്ന് വരെ പുറത്തിറങ്ങാന്‍ അനുമതിയുണ്ട്. ഈ മേഖലയില്‍ താമസിക്കുന്ന സ്വദേശികളും വിദേശികളും ഈ അതിര്‍ത്തി വിടുന്നതും മറ്റുള്ളവര്‍ ഈ മേഖലയില്‍ പ്രവേശിക്കുന്നതും വിലക്കി.

രാജ്യത്ത് മൊത്തം പ്രഖ്യാപിച്ചിരിക്കുന്ന രാത്രികാല കർഫ്യൂ റിയാദ്, മക്ക എന്നീ നഗരങ്ങളോടൊപ്പം മദീനയിലും 15 മണിക്കൂറായി ദീർഘിപ്പിച്ചിരുന്നു. അതിന് പുറമെയാണ് മദീനയിലെ ആറ് മേഖലകളിൽ മാത്രമായി മുഴുവൻ സമയ പ്രത്യേക നിരോധനാജ്ഞയും നടപ്പാക്കിയത്. അതെസമയം കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയ ഭക്ഷ്യ, ആരോഗ്യ, അടിയന്തര സേവന, മാധ്യമ, ആശയവിനിമയ, ജലവിതരണ, വൈദ്യുതി വിഭാഗങ്ങളെ പ്രത്യേക കർഫ്യൂവിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ മദീന മേഖലയിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!