ഖത്തറില്‍ ആദ്യ കൊവിഡ് മരണം; 28 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

By Web TeamFirst Published Mar 29, 2020, 12:41 AM IST
Highlights

57 വയസുകാരനായ ബംഗ്ലാദേശുകാരനാണ് കൊവിഡ് 19 ബാധിച്ച് ഖത്തറില്‍ മരിച്ചത്. ഇയാള്‍ക്ക് മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു. 

ദോഹ: കൊവിഡ് 19 വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ ശനിയാഴ്ച മരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറിലെ ആദ്യ കൊവിഡ് മരണമാണിത്. അതേസമയം 28 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. രണ്ട് പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 590 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.

57 വയസുകാരനായ ബംഗ്ലാദേശുകാരനാണ് കൊവിഡ് 19 ബാധിച്ച് ഖത്തറില്‍ മരിച്ചത്. ഇയാള്‍ക്ക് മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 16നാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. പിന്നീട് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലായിരുന്ന രോഗിയുടെ മരണത്തില്‍ ആരോഗ്യ മന്ത്രാലയം അനുശോചനം അറിയിച്ചു.

പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ പലയിടങ്ങളില്‍ നിന്ന് ഖത്തറില്‍ തിരിച്ചെത്തിയവരും നേരത്തെ രോഗം ബാധിച്ചവരുമായി അടുത്ത് ഇടപഴകിയവരും ഉള്‍പ്പെടുന്നു. ഇവര്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതായി അധികൃതര്‍ അറിയിച്ചു. അതേസമയം ഇന്ന് രോഗമുക്തി നേടിയ രണ്ട് പേരും സ്വദേശികളാണ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച ശേഷം സുഖം പ്രാപിച്ചവരുടെ എണ്ണം 45 ആയി. ഇതുവരെ 16,582 പേരെയാണ് ഖത്തറില്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. 

click me!