
ദുബായ്: ന്യൂസീലന്‍ഡിലെ പള്ളികളിലുണ്ടായ തീവ്രവാദി ആക്രമണത്തെക്കുറിച്ചുള്ള നടുക്കുന്ന വാര്‍ത്തകള്‍ പുറത്തുവരവെ സ്വന്തം മക്കള്‍ക്ക് വെടിയേല്‍ക്കാതിരിക്കാന്‍ കവചമായി മാറിയ പിതാവിനെ ദുബായിലിരുന്ന് ഓര്‍ക്കുകയാണ് മകള്‍. ഇറാഖി വംശജനായ അദീബ് സമി എന്ന 52കാരനാണ് മക്കള്‍ക്ക് വെടിയേല്‍ക്കാതിരിക്കാന്‍ സ്വന്തം ശരീരത്തില്‍ വെടിയുണ്ടയേറ്റുവാങ്ങിയത്. പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്ന് വെടിയുണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
അദീബ് സമിയും മക്കളായ അബ്ദുല്ല (29), അലി (23) എന്നിവരും ആക്രമണം നടന്ന നൂര്‍ പള്ളിയിലുണ്ടായിരുന്നു. വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ നടക്കവെ അക്രമി പള്ളിയിലേക്ക് കയറി നിര്‍ദാക്ഷിണ്യം വെടിയുതിര്‍ക്കാന്‍ തുടങ്ങി. ഇതിനിടയില്‍ എങ്ങനെയോ രക്ഷപെടുകയായിരുന്നു മൂവരും. മക്കള്‍ക്ക് മുന്നില്‍ കവചം സൃഷ്ടിച്ച അദീബ് സമിയുടെ പിന്‍ ഭാഗത്താണ് വെടിയേറ്റതെന്ന് ദുബായിലുള്ള മകള്‍ ഹെബ പറഞ്ഞു. അബ്ദുല്ലയും അലിയും പരിക്കുകളില്ലാതെ രക്ഷപെട്ടു.
അൽഐനിലും ഒമാനിലും എൻജിനീയറിങ് കൺസൾട്ടൻസി നടത്തുന്ന അദീബ് സമി വ്യാഴാഴ്ചയാണ് ദുബായിൽ നിന്നു ന്യൂസിലാൻഡിലേയ്ക്ക് പോയത്. മകന്റെ പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനായിരുന്നു ഭാര്യയ്ക്കൊപ്പമുള്ള യാത്ര. അച്ഛനും സഹോദരങ്ങളും രക്ഷപെട്ടെങ്കിലും അടുത്ത് പരിചയമുള്ള അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് ഹെബ പറയുന്നു. 12 വയസുള്ള കുട്ടിയും ഇതില്‍ ഉള്‍പ്പെടുന്നു. സ്വന്തം ജീവൻ പണയം വച്ച് സഹോദരന്മാരെ രക്ഷപ്പെടുത്തിയ തന്റെ പിതാവാണ് യഥാര്‍ത്ഥ ഹീറോയെന്നും ഹെബ പറഞ്ഞു.
വെടിവെപ്പിനെക്കുറിച്ച് അറിഞ്ഞതുമുതല്‍ കരച്ചിലായിരുന്നു. ന്യൂസീലന്‍ഡിലേക്ക് ഫോണ്‍ വിളിച്ച് എല്ലാവരും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തി. പിതാവുമായി സംസാരിച്ചു. അദ്ദേഹം ക്ഷീണിതനാണ്. ന്യൂസീലന്‍ഡില്‍ പരസ്പരം സൗഹൃദം മാത്രം വെച്ചുപുലര്‍ത്തുന്ന ജനങ്ങള്‍ക്കിടയിലായിരുന്നു തന്റെ ഇവരുടെ കുടുംബം കഴിഞ്ഞിരുന്നതെന്ന് പറയുന്ന ഹെബ, അക്രമം എന്നത് അവിടെ കേട്ടുകേൾവി പോലുമില്ലായിരുന്നുവെന്നും ഓര്‍മിക്കുന്നു. പിതാവിനെ ശുശ്രഷിക്കാന്‍ ഹെബ ഇന്ന് ന്യൂസീലന്‍ഡിലേക്ക് പോകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam