ഒമാനില്‍ വെള്ളപ്പാച്ചിലില്‍ കാണാതായ രണ്ട് മലയാളികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

By Web TeamFirst Published Mar 23, 2020, 5:07 PM IST
Highlights

കൊല്ലം ഇരവിപുരം സ്വദേശി സുജിത്ത്, കണ്ണൂർ തലശ്ശേരി എരഞ്ഞോളി സ്വദേശി ബിജിഷ് എന്നിവരെയാണ് ഇന്നലെ വൈകുന്നേരമുണ്ടായ വെള്ളപ്പാച്ചിലില്‍ കാണാതായത്. 

മസ്കത്ത്: ഒമാനിൽ ഇന്നലെ പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലിൽ കാണാതായ രണ്ടു മലയാളികളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. വരും മണിക്കൂറുകളിൽ ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും  റോയൽ ഒമാൻ പോലീസ് അറിയിച്ചു.

കൊല്ലം ഇരവിപുരം സ്വദേശി സുജിത്ത്, കണ്ണൂർ തലശ്ശേരി എരഞ്ഞോളി സ്വദേശി ബിജിഷ് എന്നിവരെയാണ് ഇന്നലെ വൈകുന്നേരമുണ്ടായ വെള്ളപ്പാച്ചിലില്‍ കാണാതായത്. തലസ്ഥാനമായ മസ്കത്തിൽ നിന്ന് 275 കിലോമീറ്റർ അകലെ ഇബ്രി പ്രവിശ്യയിലെ ഖുബാറിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം വാദി മുറിച്ചു കടക്കവേയാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയോടെ തന്നെ റോയൽ ഒമാൻ പോലീസ് തെരച്ചിൽ ആരംഭിച്ചിരുന്നു.

ഇന്ന് രാവിലെ തെരച്ചിൽ തുടങ്ങിയപ്പോൾ തലശ്ശേരി എരഞ്ഞോളി സ്വദേശി ബിജീഷിന്റെ മൃതദേഹം രാവിലെ തന്നെ  കണ്ടെത്തി.  ഉച്ചയോടെ സുജിത്തിന്റെ മൃതദേഹവും റോയൽ ഒമാൻ പൊലീസിന് ലഭിച്ചു. ഇരുവരും ഇബ്രിയിലെ അറാക്കിയിൽ സൂപ്പർ മാർക്കറ്റ്  നടത്തിവരികയായിരുന്നു. 

'അൽ റഹ്‍മ' ന്യൂനമർദ്ദത്തിന്റെ ഫലമായി ഇന്നലെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ്  ലഭിച്ചത്. മത്സ്യബന്ധന തൊഴിലാളികളോട് ആവശ്യമായ മുൻകരുതലുകൾ എടുക്കാനും വാഹനങ്ങൾ വാദികൾ  മുറിച്ചുകടക്കുന്നത് സുരക്ഷാനിര്‍ദേശം അനുസരിച്ചായിരിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്. രാത്രിയിലും  മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത  പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

click me!