ദമ്മാമിൽ നിന്ന് മക്കയിലേക്കുള്ള ഉംറ യാത്രക്കിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബസ്സിൽ യാത്ര ചെയ്യവേ കുഴഞ്ഞുവീഴുകയായിരുന്നു. ഉംറയ്ക്ക് ശേഷം ഭാര്യയെ നാട്ടിലേക്ക് അയക്കാനിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.

റിയാദ്: ദമ്മാമിൽ നിന്ന് മക്കയിലേക്ക് ഭാര്യയോടൊപ്പം ഉംറ തീർഥാടനത്തിന് പുറപ്പെട്ട മലയാളി യുവാവ് യാത്രാമധ്യേ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശി മുഹമ്മദ് ഷമീർ (38) ആണ് മക്കയിലേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതം മൂലം മരിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ദമ്മാമിൽ നിന്നും ഭാര്യയുമൊത്ത് ബസ് മാർഗം മക്കയിലേക്ക് തിരിക്കുകയായിരുന്നു ഷമീർ. ദമ്മാം - റിയാദ് ഹൈവേയിലെ സലാസിനിൽ എത്തിയപ്പോൾ ഇദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ബസ്സിലുണ്ടായിരുന്ന സഹയാത്രികനായ ഡോക്ടർ ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകുകയും തുടർന്ന് അബ്ഖൈഖിലെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അഞ്ച് മാസം മുമ്പാണ് ഷമീർ ഡ്രൈവർ വിസയിൽ ദമ്മാമിലെത്തിയത്. രണ്ട് മാസം മുമ്പ് സന്ദർശക വിസയിൽ കൂടെക്കൂട്ടിയ ഭാര്യയെ, ഉംറയ്ക്ക് ശേഷം ശനിയാഴ്ച ജിദ്ദ വിമാനത്താവളം വഴി നാട്ടിലേക്ക് അയക്കാനിരിക്കുകയായിരുന്നു. ഈ യാത്ര കഴിഞ്ഞ് ദമ്മാമിലേക്ക് മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. ഷമീറിെൻറ രണ്ട് മക്കൾ നാട്ടിലാണ്. സാമൂഹികപ്രവർത്തകൻ നാസ് വക്കത്തിന്‍റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി വരുന്നു. മൃതദേഹം അൽ ഖോബാർ ഇസ്കാൻ മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നവോദയ പ്രവർത്തകരായ വസന്തകുമാർ, മാത്യുകുട്ടി എന്നിവരും കുടുംബവും സഹായത്തിനായി രംഗത്തുണ്ട്.