
കുവൈത്ത് സിറ്റി: കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ഫിലിപ്പീൻസ് വീട്ടുജോലിക്കാരിക്ക് വധശിക്ഷ വിധിച്ച് കോടതി. കൗൺസിലർ ഖാലിദ് അൽ-ഒമറ അധ്യക്ഷനായ ക്രിമിനൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കുട്ടിയെ വാഷിംഗ് മെഷീനിനുള്ളിൽ കിടത്തി പ്രവർത്തിപ്പിച്ചതും മരണത്തിലേക്ക് നയിച്ചതും വീട്ടജോലിക്കാരിയാണെന്ന് കോടതി കണ്ടെത്തി. ഡിസംബർ അവസാനം സബാഹ് അൽ-സേലം പ്രദേശത്തുള്ള വീട്ടിലാണ് ദാരുണമായ സംഭവം നടന്നത്.
കേസിന്‍റെ വിശദാംശങ്ങൾ അനുസരിച്ച്, ടെറസ്സിലെ അലക്കുമുറിയുടെ വാതിൽ പൂട്ടിയിരിക്കുന്നതായി പിതാവ് കണ്ടെത്തുകയും തുടര്‍ന്ന് വാതിൽ ബലമായി തുറന്നപ്പോൾ വാഷിംഗ് മെഷീനിനുള്ളിൽ അനങ്ങാതെ കിടക്കുന്ന മകനെ കാണുകയുമായിരുന്നു. പരിഭ്രാന്തനായ അദ്ദേഹം കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടി ഇതിനകം മരിച്ചതായി മെഡിക്കൽ സ്റ്റാഫ് സ്ഥിരീകരിച്ചു. നേരത്തെ നടത്തിയ വിചാരണകളിൽ കോടതി പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിരുന്നു. കുട്ടി ഒരു ബക്കറ്റ് വെള്ളത്തിൽ മുങ്ങിമരിച്ചതായി കണ്ടെത്തിയെന്നാണ് വീട്ടുജോലിക്കാരി അവകാശപ്പെട്ടത്. എന്നാല്‍ കേസിന്‍റെ തെളിവുകൾ, സാക്ഷി മൊഴികൾ, പബ്ലിക് പ്രോസിക്യൂഷന്റെ കണ്ടെത്തലുകൾ എന്നിവ കോടതി അവലോകനം ചെയ്തു.
കുറ്റകൃത്യം മനഃപൂർവമാണെന്നും മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ള കൊലപാതകമാണെന്നും വാദിച്ച പബ്ലിക് പ്രോസിക്യൂഷൻ, വധശിക്ഷ വിധിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. ഇത് മനുഷ്യജീവിതത്തിനു നേരെയുള്ള ഗുരുതരമായ ലംഘനം മാത്രമല്ല, സാമൂഹിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും, നീതി ഉയർത്തിപ്പിടിക്കുന്നതിനും, പൊതു സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഏറ്റവും കഠിനമായ ശിക്ഷ ആവശ്യമുള്ള ഒരു ഹീനമായ കുറ്റകൃത്യവുമാണെന്നും പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി. കേസിലെ വാദം കേട്ട കോടതി വീട്ടുജോലിക്കാരി കുറ്റക്കാരിയാണെന്ന് കണ്ടെത്തി വധശിക്ഷ വിധിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ