ബ്ലഡ് മണി വാങ്ങില്ലെന്ന് മാതാപിതാക്കള്‍; യുഎഇയില്‍ 11 വയസുകാരനെ പീഡിപ്പിച്ചുകൊന്നയാളുടെ വധശിക്ഷ നടപ്പാക്കും

Published : Jan 14, 2019, 07:16 PM IST
ബ്ലഡ് മണി വാങ്ങില്ലെന്ന് മാതാപിതാക്കള്‍; യുഎഇയില്‍ 11 വയസുകാരനെ പീഡിപ്പിച്ചുകൊന്നയാളുടെ വധശിക്ഷ നടപ്പാക്കും

Synopsis

 ബ്ലഡ് മണി സ്വീകരിക്കാന്‍ സന്നദ്ധരാണോ എന്ന് കോടതി ജീവനക്കാര്‍ കുട്ടിയുടെ മാതാപിതാക്കളോട് ഔദ്യോഗികമായി ആരാഞ്ഞെങ്കിലും ഇരുവരും വിസമ്മതിച്ചു. ഇതോടെ ബ്ലഡ് മണി നല്‍കാനുള്ള ഉത്തരവ് കോടതി റദ്ദാക്കുകയും വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. 

അബുദാബി: 11 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ കേസില്‍ പാകിസ്ഥാന്‍ പൗരന്റെ വധശിക്ഷ നടപ്പാക്കും. രണ്ട് ലക്ഷം ദിര്‍ഹം ബ്ലഡ് മണി വാങ്ങി പ്രതിക്ക് മാപ്പുനല്‍കാന്‍ സന്നദ്ധമല്ലെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ കോടതിയെ അറിയിച്ചതോടെയാണ് പരമോന്നത കോടതി വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവിട്ടത്. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ അംഗീകാരം ലഭിക്കുന്നതോടെയാവും ശിക്ഷ നടപ്പാക്കുക.

കൊലപാതകം, പീഡനം എന്നിങ്ങനെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തപ്പെട്ട പ്രതിക്ക് നേരത്തെ അബുദാബി ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ആദ്യം നല്‍കിയ അപ്പീല്‍ തള്ളിയതിനെ തുടര്‍ന്നാണ് പ്രതി പരമോന്നത കോടതിയെ സമീപിച്ചത്. വിചാരണയ്ക്കൊടുവില്‍ വധശിക്ഷ ശരിവെച്ചുകൊണ്ടാണ് പരമോന്നത കോടതിയും അന്തിമ വിധി പുറപ്പെടുവിച്ചത്.  19 മാസമാണ് കേസിന്റെ വിചാരണ നീണ്ടുനിന്നത്. ബ്ലഡ് മണി സ്വീകരിക്കാന്‍ സന്നദ്ധരാണോ എന്ന് കോടതി ജീവനക്കാര്‍ കുട്ടിയുടെ മാതാപിതാക്കളോട് ഔദ്യോഗികമായി ആരാഞ്ഞെങ്കിലും ഇരുവരും വിസമ്മതിച്ചു. ഇതോടെ ബ്ലഡ് മണി നല്‍കാനുള്ള ഉത്തരവ് കോടതി റദ്ദാക്കുകയും വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. അംഗീകാരത്തിനായി വിധി യുഎഇ പ്രസിഡന്റിന് അയച്ചുകൊടുത്തുവെന്ന് കോടതി ജീവനക്കാര്‍ അറിയിച്ചു. ഇസ്ലാമിക നിയമ പ്രകാരമായിരിക്കും ശിക്ഷ നടപ്പാക്കുകയെന്ന് അന്തിമ വിധി ന്യായത്തില്‍ കോടതി പറയുന്നു.

2017 മേയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാകിസ്ഥാന്‍കാരനായ 11 വയസുകാരനെ ബന്ധുവായ യുവാവ് തന്നെയാണ് കൊലപ്പെടുത്തിയത്. റമദാന്‍ മാസത്തില്‍ പള്ളിയില്‍ നിന്ന് മടങ്ങിവരികയായിരുന്ന ബാലനെ വഴിയില്‍ വെച്ച് കാണാതാവുകയായിരുന്നു. മൂന്ന് ദിവസത്തെ തെരച്ചിലിനൊടുവില്‍ കുട്ടിയും പിതാവും രണ്ടാനമ്മയും താമസിച്ചിരുന്ന വീടിന്റെ മുകളില്‍ മൃതദേഹം കണ്ടെത്തുത്തി. കുട്ടിയുടെ ബന്ധു കൂടിയായ പാകിസ്ഥാന്‍ പൗരന്‍ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തില്‍ കയര്‍ മുറുക്കികൊല്ലുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. കുട്ടിയെ ആക്രമിക്കാനായി ഇയാള്‍ നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ പെണ്‍വേഷം ധരിച്ചാണ് എത്തിയതെന്നും പള്ളിയില്‍ നിന്ന് വരുന്ന വഴി കുട്ടിയെ വീടിന് മുകളിലേക്ക് പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കി. 

അപ്പീല്‍ കോടതിയിലും പരമോന്നത കോടതിയിലും പ്രതി തനിക്കെതിരെ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും നിഷേധിച്ചു. സംഭവ ദിവസം താന്‍ അബുദാബിയില്‍ ഇല്ലായിരുന്നെന്നും തനിക്കെതിരായ കുറ്റങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും ഇയാള്‍ വാദിച്ചു. എന്നാല്‍ വാദങ്ങള്‍ തെളിയിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല പൊലീസ് കണ്ടെത്തിയ തെളിവുകളെല്ലാം പ്രതിക്കെതിരായിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ടുകളും സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ മാനസിക നില പരിശോധിച്ച റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കി. കുട്ടിയുടെ കഴുത്ത് മുറുക്കിയ കയറില്‍ നിന്ന് പ്രതിയുടെ വിരലടയാളവും ലഭിച്ചിരുന്നു.

കേസിന്റെ അന്തിമ വിധി പ്രസ്താവിച്ചപ്പോള്‍ കുട്ടിയുടെ അച്ഛനും മുത്തച്ഛനും കോടതിയില്‍ സന്നിഹിതരായിരുന്നു. വിധിക്കായി മാസങ്ങളോളം കാത്തിരിക്കുകയായിരുന്നുവെന്നും ഒടുവില്‍ തങ്ങള്‍ക്ക് നീതി ലഭിച്ചുവെന്നുമായിരുന്നു അന്ന് അവര്‍ പ്രതികരിച്ചത്. തന്റെ മകനെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ തന്നെ ലഭിക്കണമെന്നായിരുന്നു ആഗ്രഹം. മകന്റെ മരണം തന്റെ കുടുംബത്തെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. നീതി തേടിയാണ് കാത്തിരുന്നത്. ഒടുവില്‍ ആ നീതി തങ്ങള്‍ക്ക് ലഭിച്ചുവെന്നും അദ്ദേഹം പറ‍ഞ്ഞു.

പാകിസ്ഥാന്‍ പൗരന്റെ ആദ്യ ഭാര്യയിലെ മകനാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കളുടെ വിവാഹ മോചനത്തിന് ശേഷം അച്ഛനൊപ്പമാണ് കുട്ടി താമസിച്ച് വന്നിരുന്നത്. റഷ്യക്കാരിയായ അമ്മ മകനെ കാണാന്‍ അബുദാബിയിലുണ്ടായിരുന്ന ദിവസമാണ് കൊലപാതകം നടന്നതും. കേസില്‍ പ്രതിയുടെ വധശിക്ഷാവിധി പരമോന്നത കോടതി ശരിവെച്ചപ്പോള്‍ അമ്മയും കോടതി മുറിയിലുണ്ടായിരുന്നു. വധശിക്ഷ തന്നെ നടപ്പാക്കണമെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛനും അമ്മയും ആവശ്യപ്പെട്ടതിനാല്‍ ഇനി ശിക്ഷ നടപ്പാക്കുന്നതിന്റെ നടപടിക്രമങ്ങളിലേക്ക് അധികൃതര്‍ കടക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നിയമലംഘകർക്കെതിരെ കർശന നടപടിയുമായി കുവൈത്ത്, നൂറുകണക്കിന് വാഹനങ്ങൾ പിടിച്ചെടുത്തു
പ്രവാസി മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു