വിദേശികള്‍ക്ക് സൗദിയില്‍ നിക്ഷേപം നടത്തി തൊഴിലെടുക്കാന്‍ അവസരമൊരുക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ സല്‍മാന്‍ രാജാവിന്‍റെ നിര്‍ദ്ദേശം

By Web TeamFirst Published Feb 21, 2019, 12:17 AM IST
Highlights

സൗദിയിലുളള വിദേശികള്‍ക്ക് വ്യക്തിപരമായി രാജ്യത്തു മുതല്‍ മുടക്കാനും മുതല്‍മുടക്കുന്ന സ്ഥാപനങ്ങളില്‍ അവര്‍ക്ക് നിയമപരമായി ജോലി ചെയ്യുന്നതിനും അവസരം ഒരുക്കുന്നതിനെ കുറിച്ചു പഠിക്കാന്‍ ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദ്ദേശം. 

റിയാദ്: സൗദിയിലുളള വിദേശികള്‍ക്ക് വ്യക്തിപരമായി രാജ്യത്തു മുതല്‍ മുടക്കാനും മുതല്‍മുടക്കുന്ന സ്ഥാപനങ്ങളില്‍ അവര്‍ക്ക് നിയമപരമായി ജോലി ചെയ്യുന്നതിനും അവസരം ഒരുക്കുന്നതിനെ കുറിച്ചു പഠിക്കാന്‍ ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദ്ദേശം. ഇതിനായി സൗദി നിക്ഷേപ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം തുടങ്ങിയ വകുപ്പുകളോടാണ് രാജാവ് നിര്‍ദേശിച്ചിരിക്കുന്നത്.

വിദേശ കമ്പനികള്‍ മുഖേനയാണ് നിലവില്‍ സൗദിയിൽ നിക്ഷേപം നടത്താന്‍ നിയമം അനുവദിക്കുന്നത്. എന്നാൽ വിദേശികള്‍ക്കു വ്യക്തിപരമായി രാജ്യത്തു മുതല്‍ മുടക്കാനും അത്തരം സ്ഥാപനങ്ങളില്‍ അവര്‍ക്ക് നിയമപരമായി ജോലി ചെയ്യുന്നതിനും അവസരം ഒരുക്കുന്നതിനെ കുറിച്ചു പഠിക്കാനാണു സൽമാൻ രാജാവിന്റെ നിർദ്ദേശം.

രാജ്യത്ത് നടക്കുന്ന ബിനാമി ബിസിനസ്സ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ബിനാമി ബിസിനസ്സ് വിരുദ്ധ നിയമം 90 ദിവസത്തിനകം ഭേദഗതി ചെയ്യും. എന്നാൽ നിയമപരമായി വിദേശനിക്ഷേപം നടത്തുന്നവർക്ക് പരിപൂര്‍ണ പരിരക്ഷ നല്‍കുന്ന നിലക്കായിരിക്കും ഭേദഗതി. ബിനാമി ബിസിനസ്സില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ശക്തമായ ശിക്ഷ നല്‍കാനും ഭേദഗതിയിൽ നിര്‍ദേശമുണ്ടാവും.

അനധികൃതമായി ബിസിനസ്സ് രംഗത്ത് ഏര്‍പ്പെടുന്നത് തടയാന്‍ സാക്കാത്ത്, നികുതി വകുപ്പുകളുമായി ചേര്‍ന്നു ഇലക്ട്രോണിക് ബില്ല് നിര്‍ബന്ധമാക്കും. പതിനെട്ട് മാസത്തിനകം ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നിർദ്ദേശം. ചെറുകിട സൂപ്പർമാർക്കറ്റുകളായ ബഖാലകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതും അത് പുതുക്കുന്നതിനുമുള്ള നിയമം പുനഃപരിശോധിച്ചു ഭേദഗതി ചെയ്യാനും സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചു.

click me!