
ദോഹ: ഖത്തർ സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന ദോഹ അന്താരാഷ്ട്ര പുസ്തകമേളയുടെ 34ാമത് പതിപ്പ് മേയ് എട്ടിന് ആരംഭിക്കും. 17 വരെ നീണ്ടുനിൽക്കുന്ന ഖത്തറിന്‍റെ പുസ്തകോത്സവത്തിന് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്‍ററാണ് (ഡി.ഇ.സി.സി) വേദി. 43 രാജ്യങ്ങളിൽ നിന്നായി 552 പ്രസാധകർ പുസ്തകങ്ങളുമായി മേളയിൽ പങ്കുചേരും. ഇത്തവണ പലസ്തീനാണ് അതിഥി രാജ്യമായി പങ്കെടുക്കുന്നത്. പലസ്തീനിൽ നിന്ന് 11 പ്രസാധകർ ഈ അക്ഷരോത്സവത്തിന്റെ ഭാഗമാകും.
സിറിയയിലെ ഹൽബൗനി ബുക്സ്, അമേരിക്കൻ, ബ്രിട്ടീഷ് മേഖലയിൽ നിന്നുള്ള പ്രസാധകർ തുടങ്ങിയവർ ഇത്തവണ ആദ്യമായി ദോഹ പുസ്തകമേളയിൽ പങ്കെടുക്കാനെത്തും. 166,000ത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് ഇത്തവണത്തെ സവിശേഷത. വിവിധ ഭാഷകളിലും വിഷയങ്ങളിലുമുള്ള പുസ്തകങ്ങൾ വായനക്കാർക്ക് ഇവിടെ നിന്ന് വാങ്ങാനാകും. വിവിധ ഇന്ത്യൻ ഭാഷകളിലുള്ള പുസ്തകങ്ങളും മേളയിലുണ്ടാകും. കുട്ടികൾക്കായുള്ള പവലിയനുകളും മേളയുടെ പ്രത്യേകതയാണ്. പത്തു ദിവസങ്ങളിലായി നീണ്ടു നിൽക്കുന്ന പുസ്തകമേളയോടനുബന്ധിച്ച് സാംസ്‌കാരിക, കലാ പരിപാടികൾ, സെമിനാർ, പ്രഭാഷണങ്ങൾ, ശിൽപശാലകൾ, കുട്ടികൾക്കായുള്ള പരിപാടികൾ എന്നിവയും അരങ്ങേറും.
Read Also - തുടർച്ചയായി അഞ്ച് ദിവസം അവധി ലഭിക്കും, ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ച് കുവൈത്ത്
മികച്ച പ്രസാധകർക്കും എഴുത്തുകാർക്കുമായി ഖത്തർ സാംസ്‌കാരിക മന്ത്രാലയം, ദോഹ അന്താരാഷ്ട്ര പുസ്തകമേള പുരസ്കാരവും ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക, അന്താരാഷ്ട്ര പ്രസാധകർ, ബാല സാഹിത്യ പ്രസാധകർ, സർഗ്ഗാത്മക എഴുത്തുകാരൻ, യുവ ഖത്തരി എഴുത്തുകാരൻ എന്നീ വിഭാഗങ്ങളിലും പുരസ്കാരങ്ങൾ സമ്മാനിക്കും. വായനാപ്രേമികൾക്കായി വിപുലമായ സൗകര്യങ്ങളാണ് മേഖലയിലെ ഏറ്റവും വലിയ പുസ്തകമേളയിൽ ഒന്നായ ദോഹ ബുക്ക് ഫെയറിൽ ഒരുക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ