പ്രവാസികളുടെ ശ്രദ്ധക്ക്, വീട്ടുജോലിക്കാരുടെ സ്പോൺസർഷിപ്പിന് പരിധി നിശ്ചയിച്ച് അധികൃതർ: അറിയേണ്ടതെല്ലാം!

By Web TeamFirst Published Jan 6, 2023, 11:03 PM IST
Highlights

ജവാസത്തിന്‍റെ വ്യക്തിഗത സേവനത്തിനുള്ള ആപ്ലിക്കേഷനായ ‘അബ്ശിര്‍’ വഴിയാണ് ഇതിന് സൗകര്യമുള്ളത്.

റിയാദ്: സൗദിയില്‍ വീട്ടുജോലിക്കാരുടെ വിസയില്‍ തൊഴിലെടുക്കുന്നവരുടെ സ്പോൺസർഷിപ്പ് മാറ്റത്തിന് പരിധി നിശ്ചയിച്ച് പാസ്‌പോർട്ട് ഡയറക്‌ട്രേറ്റ്‌ (ജവാസത്ത്). ഇത്തരം ജീവനക്കാർക്ക് നാലില്‍ കൂടുതല്‍ തവണ സ്പോൺസർഷിപ്പ് മാറ്റം സാധ്യമാല്ലെന്ന് ജവാസത്ത് അറിയിച്ചു. വീട്ടുജോലിക്കാരുടെ സ്പോൺസർഷിപ്പ് നടപടികള്‍ ലഘൂകരിച്ച സാഹചര്യത്തിലാണ് പരിധി സംബന്ധിച്ച ജവാസത്ത് വിശദീകരണം നൽകിയത്. നിലവില്‍ വീട്ടുജോലി വിസയില്‍ തൊഴിലെടുക്കുന്നവരുടെ സ്പോൺസർഷിപ്പ് മാറ്റം എളുപ്പത്തില്‍ പൂർത്തിയാക്കാന്‍ സാധിക്കും. ജവാസത്തിന്‍റെ വ്യക്തിഗത സേവനത്തിനുള്ള ആപ്ലിക്കേഷനായ ‘അബ്ശിര്‍’ വഴിയാണ് ഇതിന് സൗകര്യമുള്ളത്.

നിലവിലെ സ്‌പോൺസർ സന്നദ്ധത അറിയിക്കുന്നതോടെ നടപടികളാരംഭിക്കാം. ശേഷം തൊഴിലാളിയും പുതിയ സ്‌പോൺസറും ഇത് അംഗീകരിക്കുന്നതോടെ മാറ്റം പൂർത്തിയാകും. എന്നാല്‍ ഇത്തരത്തില്‍ പരമാവധി നാല് തവണ മാത്രമേ സ്പോൺസർഷിപ്പ് മാറ്റം സാധ്യമാകുകയുള്ളുവെന്ന് ജവാസത്ത് ഡയറക്ട്രേറ്റ് വ്യക്തമാക്കി. തൊഴിലാളിയുടെ പേരില്‍ ഗതാഗത നിയമലംഘനങ്ങള്‍ ഇല്ലാതിരിക്കുക. ഹൂറൂബ് രേഖപ്പെടുത്താത്ത ആളായിരിക്കുക, നിലവിലെ ഇഖാമയിൽ 15 ദിവസത്തില്‍ കുറയാത്ത കാലാവധി ഉണ്ടായിരിക്കുക തുടങ്ങിയ നിബന്ധനകളും സ്പോൺസർഷിപ്പ് മാറ്റത്തിന് പാലിക്കണം.

വിദേശികൾക്ക് വ്യക്തിഗത ഹജ്ജ് വിസ ഉടൻ; തീർഥാടകർക്ക് ഇൻഷുറൻസ് പദ്ധതിയും

അതേസമയം സൗദിയിൽ നിന്നുള്ള മറ്റൊരു വാർത്ത വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വ്യക്തിഗത ഹജ്ജ് വിസ സേവനം ഉടൻ ആരംഭിക്കുമെന്ന് സൗദി ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചു എന്നതാണ്. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ, നുസുക് ആപ്ലിക്കേഷൻ വഴിയോ വിസക്ക് അപേക്ഷിക്കാൻ സൗകര്യമൊരുക്കുമെന്നാണ് അറിയിപ്പ്. ബ്രിട്ടൻ, ടുണീഷ്യ, ബംഗ്ലാദേശ്, മലേഷ്യ, കുവൈറ്റ് എന്നീ അഞ്ച് രാജ്യങ്ങളിലുള്ളവർക്ക് ഇലക്ട്രേണിക് രീതിയിൽ ബയോ മെട്രിക് സംവിധാനത്തിലൂടെ വിസ ലഭ്യമാക്കുന്ന സേവനം ആരംഭിക്കുന്നതിനും മന്ത്രാലയം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൊവിഡ് ചികിത്സയുൾപ്പെടെ ഹജ്ജ് ഉംറ തീർഥാടകർക്ക് മെഡിക്കൽ സേവനം നൽകുന്നതിനായി പുതിയ സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുവാനും സൗദി ഹജ്ജ് - ഉംറ മന്ത്രാലയത്തിന് നീക്കമുണ്ട്.

click me!