വിദേശികൾക്ക് വ്യക്തിഗത ഹജ്ജ് വിസ ഉടൻ; തീർഥാടകർക്ക് ഇൻഷുറൻസ് പദ്ധതിയും

By Web TeamFirst Published Jan 6, 2023, 5:17 PM IST
Highlights

കൊവിഡ് ചികിത്സയുൾപ്പെടെ ഹജ്ജ് ഉംറ തീർഥാടകർക്ക് മെഡിക്കൽ സേവനം നൽകുന്നതിനായി പുതിയ സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുവാനും സൗദി ഹജ്ജ് - ഉംറ മന്ത്രാലയത്തിന് നീക്കമുണ്ട്.

റിയാദ്: വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വ്യക്തിഗത ഹജ്ജ് വിസ സേവനം ഉടൻ ആരംഭിക്കുമെന്ന് സൗദി ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ, നുസുക് ആപ്ലിക്കേഷൻ വഴിയോ വിസക്ക് അപേക്ഷിക്കാൻ സൗകര്യമൊരുക്കും. ബ്രിട്ടൻ, ടുണീഷ്യ, ബംഗ്ലാദേശ്, മലേഷ്യ, കുവൈറ്റ് എന്നീ അഞ്ച് രാജ്യങ്ങളിലുള്ളവർക്ക് ഇലക്ട്രേണിക് രീതിയിൽ ബയോ മെട്രിക് സംവിധാനത്തിലൂടെ വിസ ലഭ്യമാക്കുന്ന സേവനം ആരംഭിക്കുന്നതിനും മന്ത്രാലയം നടപടികള്‍ ആരംഭിച്ചു.

കൊവിഡ് ചികിത്സയുൾപ്പെടെ ഹജ്ജ് ഉംറ തീർഥാടകർക്ക് മെഡിക്കൽ സേവനം നൽകുന്നതിനായി പുതിയ സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുവാനും സൗദി ഹജ്ജ് - ഉംറ മന്ത്രാലയത്തിന് നീക്കമുണ്ട്. തീർത്ഥാടകരുടെ ഹോട്ടൽ റിസർവേഷനുകൾ, ഗതാഗതം തുടങ്ങിയ മുഴുവൻ സേവനങ്ങളും ഇല്ക്ടോണിക് രീതിയിലേക്ക് മാറ്റുവാനുള്ള ശ്രമത്തിലാണ് മന്ത്രാലയം. കഴിഞ്ഞ വര്‍ഷം 70 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് മന്ത്രാലയം സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 40 ലക്ഷം പേര്‍ വിദേശ രാജ്യങ്ങളിൽ നിന്നും ഉംറ വിസയില്‍ എത്തിയവരാണെന്നും മന്ത്രാലയം വിശദീകരിച്ചു.

Read also:  ചികിത്സാ പിഴവ് കാരണം ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് 48 ലക്ഷം നഷ്ടപരിഹാരം നല്‍കണം

സൗദിയിൽ നിന്ന് ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാനാഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു
റിയാദ്: സൗദിക്കകത്ത് നിന്നും ഈ വർഷം ഹജ്ജ് നിർവഹിക്കാനാഗ്രഹിക്കുന്നവർക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് (https://localhaj.haj.gov.sa) വഴിയോ ‘നുസ്‌ക്’ ആപ്ലിക്കേഷൻ വഴിയോ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

ഹജ്ജ് രജിസ്ട്രേഷനുള്ള വ്യവസ്ഥകളും നിർദേശങ്ങളും വ്യത്യസ്തമായ നാല് പാക്കേജുകളും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. വ്യത്യസ്‍ത സേവനങ്ങൾ നൽകുന്ന രീതിയിൽ മൂല്യവര്‍ദ്ധിത നികുതി ഉൾപ്പെടെ 3,984.75 റിയാൽ, 8,092.55 റിയാൽ, 10,596.10 റിയാൽ, 13,150.25 റിയാൽ എന്നിങ്ങനെയാണ് ഹജ്ജ് പാക്കേജുകൾ. നേരത്തെ ഹജ്ജ് ചെയ്യാത്തവർക്കാണ് ഇത്തവണ ഹജ്ജിന് മുഗണന. എന്നാൽ സ്ത്രീകളോടൊപ്പം മഹറം ആയി വരുന്നവർക്ക് ഈ നിബന്ധന ബാധകമല്ല.

വിദേശികളുടെ ഇഖാമക്കും (താമസരേഖ) സ്വദേശികളുടെ ഐ.ഡി കാർഡിനും ഈ വർഷം ദുൽഹജ്ജ് അവസാനിക്കുന്നതുവരെ കാലാവധിയുണ്ടാവണം. കൂടെ ഹജ്ജിന് ആശ്രിതരുണ്ടെങ്കിൽ എല്ലാവരുടെയും രജിസ്‌ട്രേഷൻ ഒന്നിച്ച് ഒറ്റ പാക്കേജിൽ മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ. ഒരു രജിസ്ട്രേഷനിൽ പരമാവധി 13 ആശ്രിതരെ മാത്രമേ ഉൾപ്പെടുത്താൻ കഴിയൂ. തെരഞ്ഞെടുത്ത പാക്കേജിൽ പിന്നീട് മാറ്റം അനുവദനീയമല്ല. 

ഒരു രജിസ്ട്രേഷന് ഒരു മൊബൈൽ നമ്പർ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഹജ്ജിന് രജിസ്റ്റർ ചെയ്യുന്നവർ എല്ലാവിധ പകർച്ചവ്യാധികളിൽ നിന്നും വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും മുക്തരായിരിക്കണം. തീർത്ഥാടകനോ സഹയാത്രികരോ അല്ലാതെ വേറൊരാൾ രജിസ്റ്റർ ചെയ്യാൻ പാടില്ല. ഒരു തവണ രജിസ്റ്റർ ചെയ്തവർക്ക് അത് റദ്ദാക്കിയതിന് ശേഷമേ പുതിയ രജിസ്ട്രേഷന് അനുവാദമുണ്ടാവൂ. രജിസ്റ്റർ ചെയ്തതിന് ശേഷം അനുവദിക്കപ്പെട്ട സമയത്ത് പാക്കേജ് സംഖ്യ അടക്കേണ്ടതാണ്. 

Read also: തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് ഖത്തര്‍ എയര്‍വേയ്സ് ഡ്രീംലൈനര്‍ സര്‍വീസ് തുടങ്ങി

click me!