
റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ ഡ്രൈവറില്ലാതെ ഓടും ടാക്സി സർവിസിന് തുടക്കം. റിയാദ് നഗരത്തിലെ ആദ്യത്തെ ‘സെൽഫ് ഡ്രൈവിങ് ടാക്സി’ സർവിസ് ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് അൽജാസർ ഉദ്ഘാടനം ചെയ്തു. തുടക്കത്തിൽ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട്, അഞ്ച് ടെർമിനലുകൾ, റോഷൻ ബിസിനസ് ഫ്രൻറ് എന്നിവിടങ്ങളടക്കം നഗരത്തിലെ ഏഴിടങ്ങളിലാണ് സെൽഫ് ഡ്രൈവിങ് ടാക്സി കാർ സർവിസ് ലഭ്യമാക്കിയിരിക്കുന്നത്. 13 പിക്ക് അപ്പ്, ഡ്രോപ്പ് ഓഫ് സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്.
പൊതുഗതാഗത അതോറിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണ, സാങ്കേതിക മേൽനോട്ടത്തിൽ എക്സ്പ്രസ് റോഡുകളിലും നഗരത്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രധാന കേന്ദ്രങ്ങളിലുമാണ് ടാക്സി പോയിൻറുകൾ ഒരുക്കിയിട്ടുള്ളത്. സ്വയം ഓടുന്ന കാറിൽ യാത്രക്കാർക്ക് സുരക്ഷിതമായി തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാനാവും. സുരക്ഷ ഉറപ്പാക്കുന്നതിനും സ്മാർട്ട് സിസ്റ്റങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനുമായി ഓരോ വാഹനത്തിലും ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ഉണ്ടായിരിക്കും. പരമാവധി സുരക്ഷ ഉറപ്പാക്കാൻ ഓരോ വാഹനത്തിലും സംയോജിത സംവിധാനം സജ്ജീകരിക്കും. ഇത് പരീക്ഷണ ഘട്ടമാണ്. ഒരു വർഷത്തിന് ശേഷം സർവിസ് നഗരത്തിെൻറ മറ്റ് ഭാഗങ്ങളിലേക്കും രാജ്യത്തുടനീളവും വ്യാപിപ്പിക്കും.
പദ്ധതിയുടെ പ്രാരംഭമെന്ന നിലയിൽ റിയാദിലെ ഏഴ് സുപ്രധാന മേഖലകളിലാണ് ടാക്സി സർവിസ് ലഭ്യമാക്കുന്നതെന്ന് പബ്ലിക് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി അണ്ടർ സെക്രട്ടറി ഡോ. ഉമൈമ ബാംസഖ് പറഞ്ഞു. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട്, അഞ്ച് ടെർമിനലുകൾ, റോഷൻ ബിസിനസ് പാർക്ക്, വിവിധ എക്സ്പ്രസ് റോഡുകളിലെ കണക്ഷൻ പോയിൻറുകൾ, അമീറ നൂറ സർവകലാശാല, നോർത്തേൺ റെയിൽവേ സ്റ്റേഷൻ, നഗരത്തിെൻറ വടക്കുഭാഗത്തുള്ള ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി ആസ്ഥാനം എന്നിവിടങ്ങളിലാണ് ആ ഏഴ് ടാക്സി പോയിൻറുകൾ. ഇതിനോട് ചേർന്നാണ് 13 ഡ്രോപ്പ്-ഓഫ്, പിക്ക്-അപ്പ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുള്ളത്. ഭാവിയിൽ രാജ്യത്തുടനീളം ഈ ടാക്സി സർവിസ് ലഭ്യമാക്കും. ഗതാഗത, ലോജിസ്റ്റിക്സ് സംവിധാനത്തിനും നിരവധി പങ്കാളികളും ചേർന്ന് നടപ്പാക്കുന്ന സംയോജിത പദ്ധതിയാണിത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ