Latest Videos

ഈ വിമാനത്താവളത്തില്‍ പാസ്‍പോര്‍ട്ട് കാണിക്കേണ്ട; ദാ ഇങ്ങനെ നടന്നാല്‍ മതി

By Web TeamFirst Published Oct 11, 2018, 1:03 PM IST
Highlights

പാസ്‍പോര്‍ട്ട് സ്റ്റാമ്പ് ചെയ്യാനായി കാത്തിരിക്കേണ്ടതില്ല. ആകെ 15 സെക്കന്റ് മാത്രം മതി ഇത് പൂര്‍ത്തീകരിക്കാന്‍. 

ദുബായ്: രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുന്ന യാത്രക്കാര്‍ക്ക് പാസ്‍പോര്‍ട്ട് പരിശോധന ആവശ്യമില്ലാത്ത സംവിധാനം ദുബായ് വിമാനത്താവളത്തില്‍ ആരംഭിച്ചു. പകരം വിമാനത്താവളത്തിലെ സ്മാര്‍ട്ട് ടണലിലൂടെ നേരെയങ്ങ് നടന്നാല്‍ മതി. ഇവിടെ വെച്ചിരിക്കുന്ന ക്യാമറയില്‍ ഒന്നുനോക്കണമെന്ന് മാത്രം.

ബയോമെട്രിക് സംവിധാനത്തിലൂടെ യാത്രക്കാരന്റെ മുഖം തിരിച്ചറിയും. കംപ്യൂട്ടറിലുള്ള യാത്രക്കാരന്റെ പാസ്‍പോര്‍ട്ട് വിവരങ്ങള്‍ പരിശോധിച്ച് യാത്ര ചെയ്യുന്ന കാര്യം രേഖപ്പെടുത്തുകയും ചെയ്യും. സ്മാര്‍ട്ട് ടണിലിലൂടെ നടന്ന് പുറത്തിറങ്ങിയാല്‍ യാത്രക്കാര്‍ക്ക് നേരെ വിമാനത്തില്‍ കയറാം.  പാസ്‍പോര്‍ട്ട് സ്റ്റാമ്പ് ചെയ്യാനായി കാത്തിരിക്കേണ്ടതില്ല. ആകെ 15 സെക്കന്റ് മാത്രം മതി ഇത് പൂര്‍ത്തീകരിക്കാന്‍. ആദ്യഘട്ടമായി ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് മാത്രമായി ഈ സൗകര്യം പരിമിതപ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ ദുബായ് വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മറ്റ് നടപടികളൊന്നുമില്ലാതെ പുതിയ സ്മാര്‍ട്ട് ടണലിലൂടെയും പ്രവേശിക്കാം. എന്നാല്‍ ആദ്യമായി എത്തുന്നവര്‍ ഇപ്പോള്‍ ഒരു തവണ പാസ്‍പോര്‍ട്ട് പരിശോധനയ്ക്ക് നല്‍കണം. ഇതിനായി രണ്ട് കിയോസ്‍കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പദ്ധതിയുടെ പരീക്ഷണ ഘട്ടമായത് കൊണ്ടാണ് ഇത്തരമൊരു പരിശോധന നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ രണ്ടാമത് ഒരിക്കല്‍ കൂടി വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ഈ പരിശോധനയും ഉണ്ടാവില്ല. എമിറേറ്റ്സ് എയര്‍ലൈന്‍സുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ദുബായ് എയര്‍പോര്‍ട്ടിലെ മൂന്നാം ടെര്‍മിനലിലാണ് ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് ശേഷം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഔദ്ദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ലോകത്ത് തന്നെ ഒരു വിമാനത്താവളത്തില്‍ ആദ്യമായി നടപ്പാക്കുന്ന ഈ സങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് പൂര്‍ണ്ണമായും യുഎഇയില്‍ തന്നെയാണ്. 
 

click me!