വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്‍ടിച്ച ജീവനക്കാരന്‍ പിടിയില്‍

Published : Mar 20, 2022, 05:24 PM IST
വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്‍ടിച്ച ജീവനക്കാരന്‍ പിടിയില്‍

Synopsis

യാത്രക്കാരന്റെ ബാഗില്‍ നിന്ന് ആറ് മൊബൈല്‍ ഫോണുകള്‍ മോഷ്‍ടിച്ചതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. 29 വയസുകാരനായ പ്രതി, മോഷ്‍ടിച്ച ഫോണുകള്‍ പകുതി വിലയ്‍ക്ക് ഒരു മൊബൈല്‍ ഫോണ്‍ സ്റ്റോറില്‍ വില്‍ക്കുകയായിരുന്നു. 

ദുബൈ: ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്ന് ആറ് മൊബൈല്‍ ഫോണുകള്‍ മോഷ്‍ടിച്ച ജീവനക്കാരന്‍ പിടിയില്‍. വിമാനത്താവളത്തില്‍ പോര്‍ട്ടറായി ജോലി ചെയ്‍തിരുന്ന പ്രവാസിയാണ് പിടിയിലായത്. ഇയാള്‍ക്ക് ദുബൈ ക്രിമിനല്‍ കോടതി മൂന്ന് മാസം തടവും 28,000 ദിര്‍ഹം പിഴയും വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

യാത്രക്കാരന്റെ ബാഗില്‍ നിന്ന് ആറ് മൊബൈല്‍ ഫോണുകള്‍ മോഷ്‍ടിച്ചതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. 29 വയസുകാരനായ പ്രതി, മോഷ്‍ടിച്ച ഫോണുകള്‍ പകുതി വിലയ്‍ക്ക് ഒരു മൊബൈല്‍ ഫോണ്‍ സ്റ്റോറില്‍ വില്‍ക്കുകയായിരുന്നു. ഫോണുകള്‍ വിറ്റുകിട്ടിയ പണം കൊണ്ട് സണ്‍ഗ്ലാസുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് ഇയാള്‍ വാങ്ങിയത്.

2021 മാര്‍ച്ച് മാസത്തിലായിരുന്നു കേസിന് ആസ്‍പദമായ സംഭവം നടന്നത്. നാട്ടിലേക്ക് യാത്ര ചെയ്‍ത ഒരു പ്രവാസിയായിരുന്നു പരാതിക്കാരന്‍. നാട്ടിലെത്തി ബാഗ് പരിശോധിച്ചപ്പോള്‍ ദുബൈയില്‍ നിന്ന് താന്‍ കൊണ്ടുവരികയായിരുന്ന ആറ് മൊബൈല്‍ ഫോണുകള്‍ കാണാനില്ലെന്ന് മനസിലായതോടെ ഇയാള്‍ പരാതി നല്‍കുകയായിരുന്നു.

ദുബൈ പൊലീസിലെ സി.ഐ.ഡി വിഭാഗമാണ് കേസ് അന്വേഷിച്ചത്. വിമാനത്താവളത്തിലെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് പോര്‍ട്ടര്‍ മോഷണം നടത്തുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി വാങ്ങിയ ശേഷം ഇയാളുടെ വീട്ടില്‍ റെയ്‍ഡ് നടത്തി. മോഷണം പോയ ഒരു ഫോണും സണ്‍ ഗ്ലാസുകളും മറ്റ് ചില സാധനങ്ങളും ഇവിടെ നിന്ന് പിടിച്ചെടുത്തു.

ചോദ്യം ചെയ്യലില്‍ ഇയാള്‍ ആറ് മൊബൈല്‍ ഫോണുകള്‍ മോഷ്‍ടിച്ചുവെന്ന് സമ്മതിച്ചു. അഞ്ചെണ്ണം ഒരു മൊബൈല്‍ ഫോണ്‍ സ്റ്റോറില്‍ 10,000 ദിര്‍ഹത്തിന് വിറ്റു. ഈ പണം ഉപയോഗിച്ച് 5000 ദിര്‍ഹത്തിന്റെ സണ്‍ ഗ്ലാസും ഒരു ക്യാമറയും മൊബൈല്‍ ഫോണും ഒരു വയര്‍ലെസ് ഹെഡ്‍സെറ്റും മറ്റ് ചില സാധനങ്ങളും വാങ്ങിയതായും ഇയാള്‍ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത
29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ ബഹ്റൈനിൽ പിടിയിൽ