
ദുബൈ: റണ്‍വേ നവീകരിക്കുന്നതിന്‍റെ ഭാഗമായി ദുബൈ രാജ്യാന്തര വിമാനത്താവളം ഭാഗികമായി അടയ്ക്കുന്നു. മെയ് 9 തിങ്കളാഴ്ച മുതല്‍ ജൂണ്‍ 22 വരെ 45 ദിവസത്തേക്കാണ് ദുബൈ വിമാനത്താവളത്തിന്‍റെ നോര്‍ത്തേണ്‍ റണ്‍വേ അടയ്ക്കുന്നത്. ഇതോടെ കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള സര്‍വീസുകളില്‍ മാറ്റമുണ്ടാകും.
ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തിവരുന്ന വിമാനങ്ങളെല്ലാം അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളം, ഷാര്‍ജ രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്നാകും സര്‍വീസ് നടത്തുകയെന്ന് എയർ ഇന്ത്യ & എയർ ഇന്ത്യ എക്സ്പ്രസ് മിഡിലീസ്റ്റ്–ആഫ്രിക്ക റീജിയണൽ മാനേജർ പി.പി. സിങ് പറഞ്ഞു. ചെന്നൈ, ബംഗളൂരു, ഗോവ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് ഷാര്‍ജ വിമാനത്താവളം വഴി സര്‍വീസ് നടത്തുക.
കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള ചില സര്‍വീസുകള്‍ അല്‍ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റുമെന്ന് ഫ്ലൈ ദുബൈ അറിയിച്ചു. എയര്‍ ഇന്ത്യയുടെ ചില സര്‍വീസുകള്‍ മക്തൂം വിമാനത്താവളത്തിന് പുറമെ ഷാര്‍ജ വിമാനത്താവളത്തിലേക്കും മാറ്റിയിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം, മംഗളൂരു, തിരുച്ചിറപ്പള്ളി, അമൃത്സര്‍, ലക്നൗ, ജയ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങളാണ് അല്‍ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റിയത്. ജൂണ്‍ 16- മുതല്‍ 22 വരെ സര്‍വീസ് നടത്തുന്ന ദുബൈ- കോഴിക്കോട് വിമാനവും തിരിച്ചുള്ള സര്‍വീസും ഷാര്‍ജയിലേക്ക് മാറ്റും.
റണ്‍വേ നവീകരണ കാലയളവില്‍ യാത്രക്കാര്‍ക്ക് സൗജന്യമായി ദുബൈ വിമാനത്താവള ടെര്‍മിനലുകള്‍ക്കും അല്‍ മക്തൂം വിമാനത്താവളത്തിനും ഇടയില്‍ ഇന്‍റര്‍ എയര്‍പോര്‍ട്ട് സൗജന്യ ഷട്ടില്‍ ബസ് സര്‍വീസുകളും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക്: www.airindia.in / 06-5970444 (തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ). എയർ ഇന്ത്യ എക്സ്പ്രസ് - www.airindiaexpress.in / 06-5970303 (തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ).
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam