യുഎഇയില്‍ ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വിചാരണ തുടങ്ങി

By Web TeamFirst Published Aug 17, 2020, 4:22 PM IST
Highlights

ജൂണ്‍ മാസത്തില്‍ അല്‍ മുറഖബ പൊലീസ് സ്റ്റേഷനിലാണ് ഇത് സംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റിലായ മൂന്ന് പ്രതികളും ഇപ്പോഴും കസ്റ്റഡിയിലാണ്. ഇവരില്‍ രണ്ട് പേര്‍ ബിസിനസുകാരും ഒരാള്‍ ഡ്രൈവറുമാണ്.

ദുബായ്: ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി 55,000 ദിര്‍ഹത്തിന്റെ ചെക്കില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ വിചാരണ തുടങ്ങി. 28നും 40നും ഇടയില്‍ പ്രായമുള്ള മൂന്ന് യുവാക്കള്‍ക്കെതിരെയാണ് കഴിഞ്ഞ ദിവസം ദുബായ് പ്രാഥമിക കോടതിയില്‍ നടപടികള്‍ ആരംഭിച്ചത്.

ജൂണ്‍ മാസത്തില്‍ അല്‍ മുറഖബ പൊലീസ് സ്റ്റേഷനിലാണ് ഇത് സംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റിലായ മൂന്ന് പ്രതികളും ഇപ്പോഴും കസ്റ്റഡിയിലാണ്. ഇവരില്‍ രണ്ട് പേര്‍ ബിസിനസുകാരും ഒരാള്‍ ഡ്രൈവറുമാണ്. അല്‍ നഹ്ദയിലെ ഓഫീസില്‍ വെച്ചായിരുന്നു സംഭവം. ഓഫീസിലെത്തിയ രണ്ട് പേര്‍ ഇയാളെ സംഘത്തിലെ മൂന്നാമന്റെ അടുത്തേക്ക് ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നു.

നേരത്തെ ഒരു ബിസിനസ് ഇടപാടിന്റെ ഭാഗമായി പ്രതികള്‍ക്ക് 60,000 ദിര്‍ഹത്തിന്റെ ചെക്ക് നല്‍കിയിരുന്നു. ഇത് അക്കൌണ്ടില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് മടങ്ങിയതിന് പിന്നാലെയായിരുന്നു തട്ടിക്കൊണ്ടുപോകല്‍. പൊലീസില്‍ പരാതി നല്‍കില്ലെന്നും പണം നല്‍കാമെന്നുമുള്ള ഉറപ്പിന്മേലാണ് വിട്ടയച്ചത്. എന്നാല്‍ തിരികെ താമസ സ്ഥലത്ത് എത്തുന്നതിന് മുമ്പ് ഇയാളുടെ ബന്ധു പൊലീസില്‍ പരിതാ നല്‍കിയിരുന്നു. കേസില്‍ സെപ്തംബര്‍ ഏഴിന് വാദം തുടരും. 

click me!