
ദുബൈ: ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായ സംഭവത്തില്‍ യുഎഇയിലെ ബാങ്ക് 55 ലക്ഷം ദിര്‍ഹം ഉപഭോക്താവിന് നല്‍കണമെന്ന് കോടതി വിധി. ബാങ്കിലെ ഒരു ജീവനക്കാരനാണ് മറ്റൊരാളുമായി ചേര്‍ന്ന് പണം തട്ടിയത്. ഉപഭോക്താവായി ഭാവിച്ച് ബാങ്കിലെത്തിയ പ്രതികളിലൊരാള്‍ ജീവനക്കാരന്റെ സഹായത്തോടെ പണം പിന്‍വലിക്കുകയായിരുന്നുവെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്.
2015ലാണ് സൗദി പൗരന്‍ യുഎഇയിലെ ബാങ്കില്‍ അക്കൗണ്ട് തുറന്നത്. 49 ലക്ഷം ദിര്‍ഹം (ഒന്‍പത് കോടിയിലധികം ഇന്ത്യന്‍ രൂപ) നിക്ഷേപിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചെത്തി പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് അക്കൗണ്ടില്‍ ഒന്നും ബാക്കിയില്ലെന്ന് മനസിലാക്കിയത്. സൗദി പൗരന്‍ കേസ് ഫയല്‍ ചെയ്‍തതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ബാങ്കിലെ കസ്റ്റമര്‍ സര്‍വീസ് ജീവനക്കാരനാണ് പണം അപഹരിച്ചതെന്ന് മനസിലായി.
അറബ് പൗരനായ ഇയാള്‍ ബാങ്കില്‍ നിന്ന് അക്കൗണ്ട് ഉടമയുടെ എല്ലാ വിവരങ്ങളും ശേഖരിച്ചു. അക്കൗണ്ട് ഉടമ രാജ്യത്ത് തുടര്‍ന്ന് താമസിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പണം മുഴുവന്‍ പിന്‍വലിച്ച് അക്കൗണ്ട് ക്ലാസ് ചെയ്യുകയാണെന്നും കാണിച്ച് മാനേജരെ സമീപിച്ചു. യഥാര്‍ത്ഥ ഉപഭോക്താവുമായി രൂപസാമ്യമുള്ള ഒരാളെ സൗദി പൗരന്റെ വേഷവിധാനങ്ങളും സണ്‍ഗ്ലാസും അണിയിച്ച് ബാങ്കില്‍ കൊണ്ടു പോയി ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ് പണം പിന്‍വലിച്ചത്.
പണം പിന്‍വലിക്കാനെത്തിയപ്പോള്‍ ഇയാളുമായി ബാങ്കില്‍ വെച്ച് തര്‍ക്കമുണ്ടായെന്ന് ഒരു ജീവനക്കാരന്‍ മൊഴി നല്‍കുകയും ചെയ്‍തു. അക്കൗണ്ട് ഉടമയായി എത്തിയയാള്‍ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പാണ് കൊണ്ടുവന്നത്. ഒറിജിനല്‍ ഹാജരാക്കാതെ പണം നല്‍കാനാവില്ലെന്ന് ജീവനക്കാരന്‍ പറഞ്ഞപ്പോള്‍ ഇയാള്‍ തര്‍ക്കിച്ചു. താന്‍ നേരത്തെ ഒറിജിനല്‍ ഐ.ഡി ഹാജരാക്കിയതാണെന്നും ഇനി അത് പറ്റില്ലെന്നും പറഞ്ഞ് പണം ആവശ്യപ്പെട്ടു. ഒടുവില്‍ കോപ്പിയില്‍ ഒപ്പിട്ട് നല്‍കി പണം വാങ്ങുകയായിരുന്നു.
ബാങ്ക് ജീവനക്കാരനും തട്ടിപ്പ് നടത്തിയ സുഹൃത്തും പിന്നീട് അറസ്റ്റിലായി. ഇരുവര്‍ക്കും കോടതി മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. എന്നാല്‍ പണം തിരികെക്കിട്ടണമെന്നാവശ്യപ്പെട്ടും നഷ്ടപരിഹാരം തേടിയും സൗദി പൗരന്‍ സിവില്‍ കേസ് ഫയല്‍ ചെയ്‍തു. ബാങ്കിലെ ജോലി ദുരുപയോഗം ചെയ്‍ത് ഉപഭോക്താവിന്റെ വിവരങ്ങളും തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പും ജീവനക്കാരന്‍ സ്വന്തമാക്കുകയായിരുന്നു. പണം നഷ്ടമായതിന് ബാങ്ക് ഉത്തരവാദിയാണെന്ന് പരാതിക്കാരന്‍ ആരോപിച്ചു. കേസ് പരിഗണിച്ച ദുബൈ പരമോന്നത കോടതി, ഉപഭോക്താവിന് ബാങ്ക് 55 ലക്ഷം ദിര്‍ഹം നല്‍കണമെന്ന് വിധിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam