ദുബൈയിലെത്തിയ യാത്രക്കാരന്റെ ബാഗില്‍ നിന്ന് 37 കിലോ കഞ്ചാവ് പിടികൂടി

By Web TeamFirst Published Dec 15, 2022, 4:30 PM IST
Highlights

വിമാനത്താവളത്തില്‍ എക്‌സ്‌റേ സംവിധാനം വഴി ലഗേജ് പരിശോധിക്കുന്നതിനിടെ ബാഗിന് അധിക ഭാരമുള്ളതായി അനുഭവപ്പെട്ടു. ഇതോടെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യാത്രക്കാരന്റെ മുമ്പില്‍ വെച്ച് ഇയാളുടെ രണ്ട് ബാഗുകള്‍ തുറന്ന് പരിശോധിക്കുകയായിരുന്നു.

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ പക്കല്‍ നിന്നും കഞ്ചാവ് പിടികൂടി.  37 കിലോഗ്രാം കഞ്ചാവാണ് ഇയാളുടെ ലഗേജില്‍ നിന്ന് കണ്ടെത്തിയത്. ആഫ്രിക്കന്‍ സ്വദേശിയാണ് പിടിയിലായത്. 

വിമാനത്താവളത്തില്‍ എക്‌സ്‌റേ സംവിധാനം വഴി ലഗേജ് പരിശോധിക്കുന്നതിനിടെ ബാഗിന് അധിക ഭാരമുള്ളതായി അനുഭവപ്പെട്ടു. ഇതോടെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യാത്രക്കാരന്റെ മുമ്പില്‍ വെച്ച് ഇയാളുടെ രണ്ട് ബാഗുകള്‍ തുറന്ന് പരിശോധിക്കുകയായിരുന്നു. ബാഗുകള്‍ തുറന്നു പരിശോധിച്ചപ്പോള്‍ ഇതിനുള്ളില്‍ രണ്ട് പ്ലാസ്റ്റിക് ബാഗുകളിലായി ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ചിരിക്കുന്നത് കണ്ടെത്തി.

ആദ്യത്തെ ബാഗില്‍ നിന്ന് 17 കിലോഗ്രാം കഞ്ചാവും രണ്ടാമത്തെ ബാഗില്‍ നിന്ന് 20 കിലോ കഞ്ചാവുമാണ് പിടിച്ചെടുത്തത്. തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളെ പിന്നീട് ചോദ്യം ചെയ്യലിനായി പ്രോസിക്യൂട്ടര്‍മാര്‍ക്ക് കൈമാറി. ഭക്ഷ്യവസ്തുക്കള്‍, മസാലകള്‍, ഉണക്കമീന്‍ എന്നിങ്ങനെ രൂക്ഷഗന്ധമുള്ള വസ്തുക്കള്‍ക്കൊപ്പം ലഹരിമരുന്ന് ഒളിപ്പിച്ച് കടത്താറുണ്ടെന്ന് പാസഞ്ചര്‍ ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ഇബ്രാഹിം കമാലി പറഞ്ഞു. ലഹരിമരുന്നിന്റെ മണം തിരിച്ചറിയാതിരിക്കാനാണിത്. 

Read More -  അവധി കഴിഞ്ഞ് രണ്ട് ദിവസം മുമ്പ് നാട്ടില്‍ നിന്നെത്തിയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

അതേസമയം കുവൈത്തില്‍ കഴിഞ്ഞ ദിവസം വന്‍തോതില്‍ ലഹരിമരുന്ന് പിടികൂടിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് 335 കിലോഗ്രാം ഹാഷിഷും 10 ലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകളും പിടിച്ചെടുത്തത്. 20 ലക്ഷം കുവൈത്ത് ദിനാര്‍ വിപണി വിലയുള്ള ലഹരിമരുന്നാണ് പിടികൂടിയത്.

Read More - മയക്കുമരുന്ന് പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ സാമ്പിള്‍ മാറ്റി തട്ടിപ്പിന് ശ്രമം; യുഎഇയില്‍ യുവാവ് കുടുങ്ങി

പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്മദ് അല്‍ സബാഹ്, വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി മാസിന്‍ അല്‍ നാഹേദ് എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടിച്ചെടുത്ത ലഹരിമരുന്ന് ശേഖരം പരിശോധിച്ചു. കടല്‍, കര മാര്‍ഗങ്ങളിലൂടെയാണ് രാജ്യത്തേക്ക് ഇത്രയധികം ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

click me!