പ്രവാസികള്‍ക്കൊപ്പമല്ല, മുന്നിലാണ് ദുബായ് സര്‍ക്കാര്‍; നിരവധിപ്പേര്‍ക്ക് രോഗം ബാധിച്ച നൈഫ് ഇപ്പോള്‍ ഇങ്ങനെ

By Web TeamFirst Published Apr 17, 2020, 4:43 PM IST
Highlights

കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ നിരവധിപ്പേര്‍ ദുബായിലെ നൈഫില്‍ നിന്നെത്തിയവരായിരുന്നു. ഇതോടെ നൈഫും ദേരയും അല്‍ റാസ് മേഖലയും പൂട്ടിയിട്ട് സര്‍ക്കാര്‍ അണുനശീകരണം തുടങ്ങി. മലയാളികളടക്കമുള്ള വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലേക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ടെത്തി വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.

ദുബായ്: കൊവിഡ് കാലത്ത് ദുബായ് പോലെ മലയാളികള്‍ക്ക് ഏറെ പരിചിതമായ സ്ഥലമായി മാറിയിരിക്കുകയാണ് നൈഫ്. നിരവധി മലയാളികള്‍ക്കാണ് ഈ പ്രദേശത്തുനിന്ന് രോഗം ബാധിച്ചത്. എന്നാല്‍ ഇപ്പോള്‍ നൈഫിലെ ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ദുബായ് സര്‍ക്കാര്‍. ഇവിടുത്തെ ഓരോ വിദേശിയേയും കണ്ടെത്തി വൈദ്യപരിശോധന നടത്തി കൊവിഡ് മുക്തമാക്കുകയാണ് അധികൃതര്‍. പ്രവാസികള്‍ക്കൊപ്പമല്ല, മുന്നിലാണ് ദുബായ് സര്‍ക്കാര്‍.

"

കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ നിരവധിപ്പേര്‍ ദുബായിലെ നൈഫില്‍ നിന്നെത്തിയവരായിരുന്നു. ഇതോടെ നൈഫും ദേരയും അല്‍ റാസ് മേഖലയും പൂട്ടിയിട്ട് സര്‍ക്കാര്‍ അണുനശീകരണം തുടങ്ങി. മലയാളികളടക്കമുള്ള വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലേക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ടെത്തി വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. കൊവിഡ് പരിശോധന നടത്താനായി നൈഫിന്റെ തൊട്ടടുത്ത് ടെന്റുകളുമൊരുക്കി. പ്രതിദിനം നൂറുകണക്കിന് പേര്‍ ഇപ്പോഴും ഇവിടേക്ക് എത്തുന്നുണ്ട്. ഈ പ്രദേശത്തെയാകെ വൈറസ് മുക്തമാക്കുന്നതിനുള്ള നടപടികളാണ് ദുബായ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 

നൈഫ് അടക്കമുള്ള പ്രദേശങ്ങളില്‍ രോഗബാധിതരുടെ എണ്ണം നിയന്ത്രിക്കാനായത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. വിദേശികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ പഴുതുകളടച്ചുള്ള സുരക്ഷയൊരുക്കുകയാണ് ദുബായ്. രോഗം സ്ഥിരീകരിച്ചവരെ ആശുപത്രികളിലേക്കോ മറ്റ് നിരീക്ഷണ കേന്ദ്രങ്ങളിലേക്കോ മാറ്റിയിട്ടുണ്ടെന്ന് ഇവിടെയുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു. വിവിധ സന്നദ്ധ സംഘടനകള്‍ സഹകരിച്ച് ഭക്ഷണവും മരുന്നുകളും എത്തിക്കുന്നു.

പ്രതിദിനം 35,000ല്‍ അധികം ആളുകളെയും കൊവിഡ് പരിശോധനയ്ക്ക് ഇപ്പോള്‍ വിധേയമാക്കുന്നത്. അതുകൊണ്ടാണ് ഓരോ ദിവസവും കണ്ടെത്തുന്ന രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനവ് കാണുന്നതെന്ന് സര്‍ക്കാര് പറയുന്നു. നൈഫിലെ സ്ഥിതി ഇപ്പോള്‍ നിയന്ത്രണ വിധേയമായിക്കഴിഞ്ഞു. ഓരോ രാജ്യങ്ങളിലെയും സന്നദ്ധ പ്രവര്‍ത്തകരുടെ പിന്തുണയോടെ അവരവരുടെ പൗരന്മാരെ കണ്ടെത്തി സഹായമെത്തിക്കുകയാണ് ദുബായ് സര്‍ക്കാര്‍. മരുന്നു ഭക്ഷണവുമെല്ലാം ഒരു പരാതിക്കും ഇടനല്‍കാതെ പ്രവാസികള്‍ക്കിടയിലേക്ക് എത്തിക്കുന്നു.

സഹായം ലഭ്യമാവാതെ ദുബായിയുടെ ഏതെങ്കിലും മേഖലകളില്‍ വിഷമം അനുഭവിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ അനുവദിച്ച ഹെല്‍പ് ലൈനിലൂടെ ബന്ധപ്പെട്ട് പ്രയാസങ്ങള്‍ പങ്കുവെയ്ക്കാം. നിമിഷങ്ങള്‍ക്കകം പൊലീസും ആരോഗ്യ പ്രവര്‍ത്തകരും താമസ സ്ഥലത്തെത്തും. സര്‍ക്കാറിന്റെ കരുതലില്‍ കൊവിഡ് ഭീതി ഒഴിഞ്ഞുപോകുന്നതിന്റെ ആശ്വാസത്തിലാണ് രാജ്യത്ത ഇന്ത്യന്‍ സമൂഹം. 

click me!