
ദുബായ്: ജോലി അന്വേഷിച്ചെത്തിയ യുവതിയെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പണവും ആഭരണങ്ങളും കൊള്ളയടിച്ചതായി പരാതി. സംഭവത്തില്‍ 39 വയസുകാരനായ ബിസിനസുകാരനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയില്‍ നിന്ന് ഇയാള്‍ 4000 ദിര്‍ഹവും 1800 ദിര്‍ഹം വിലവരുന്ന ആഭരണവും മോഷ്ടിച്ചുവെന്നാണ് പരാതി.
27 വയസുള്ള എത്യോപ്യന്‍ യുവതിയാണ് ബര്‍ദുബായ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. താന്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ചാണ് ബിസിനസുകാരനെന്ന് പരിചയപ്പെടുത്തിയ പ്രതിയെ കണ്ടതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. പരിചയപ്പെട്ട് സംസാരിച്ച ശേഷം തനിക്ക് ഒരു കടയുണ്ടെന്നും അവിടേക്ക് ജോലിക്കായി ആളിനെ ആവശ്യമുണ്ടെന്നും അറിയിച്ചു. യുവതി താല്‍പര്യം അറിയിച്ചതോടെ ഇന്റര്‍വ്യൂവിന് ഹാജരാവാന്‍ നിര്‍ദ്ദേശിച്ച് വിലാസം നല്‍കി.
തൊട്ടടുത്ത ദിവസം അന്വേഷിച്ച് എത്തിയപ്പോഴാണ് വിലാസം ഒരു ഫ്ലാറ്റിലേതാണെന്ന് മനസിലായത്. വിവിധ രാജ്യക്കാരായ നിരവധി സത്രീകള്‍ ആ പരിസരത്തുണ്ടായിരുന്നു. ഫ്ലാറ്റിനുള്ളില്‍ വെച്ച് പ്രതിയെ കണ്ടപ്പോള്‍ ഇവര്‍ക്കൊപ്പം തനിക്കും വേശ്യാവൃത്തി ചെയ്ത് പണം സമ്പാദിക്കാമെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. ദേഷ്യത്തോടെ പോകാന്‍ എഴുനേറ്റെങ്കിലും വാതില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് പഴ്സ് തട്ടിയെടുക്കുകയും ബലമായി കടന്നുപിടിച്ച് കഴുത്തില്‍ ധരിച്ചിരുന്ന നെക്ലേസ് ഊരിയെടുക്കുകയും ചെയ്തു.
ഇതിനിടെ യുവതി പൊലീസിനെ വിളിക്കുന്നത് കണ്ട് പരിഭ്രാന്തനായ പ്രതി ഫ്ലാറ്റില്‍ നിന്ന് ഇറങ്ങിയോടി. യുവതി പിന്നാലെ ഓടി ഇയാളെ പിടിച്ചുനിര്‍ത്തി പണവും ആഭരണവും ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാവാതെ അയാള്‍ അവിടെ നിന്നും ഓടി രക്ഷപെടുകയായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് യുവതിയെ വൈദ്യ പരിശോധനയ്ക്കും വിധേയമാക്കി. ഫ്ലാറ്റിലെ വരാന്തയില്‍ വെച്ച് ഇരുവരും തര്‍ക്കിക്കുന്നത് കണ്ടുവെന്ന് ശുചീകരണ തൊഴിലാളിയായ പാകിസ്ഥാന്‍ പൗരന്‍ പൊലീസിന് മൊഴി നല്‍കി. പരാതിക്കാരി പിന്നീട് പ്രതിയെ തിരിച്ചറിയുകയും ചെയ്തു. ഇയാള്‍ക്ക് ഏറ്റവും ശക്തമായ ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടത്. കേസ് ഡിസംബര്‍ 25ലേക്ക് മാറ്റിവെച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam