15 കോടിയിലധികം പൂക്കൾ, വിസ്മയ കാഴ്ചയൊരുക്കി ദുബായ് മിറാക്കിൾ ഗാർഡൻ

By Web TeamFirst Published Oct 24, 2022, 12:49 PM IST
Highlights

ലോക റെക്കോർഡിൽ ഇടം പിടിച്ച എമിറേറ്റ്സ് എയർബസ് 380യുടെ പുഷ്പ മാതൃക ഇത്തവണയും ഉണ്ട്. ഫോട്ടോകൾ എടുക്കാനും റീലുകൾ തയ്യാറാക്കാനും ഒരുപാട് ഇടങ്ങളുണ്ട് ഈ ഉദ്യാനത്തിൽ. കുടകൾ തൊങ്ങല്‍ ചാർത്തുന്ന നടപ്പാതകളും ഇത്തവണത്തെ വേറിട്ട കാഴ്ചയാണ്.

ദുബൈ: വിസ്മയങ്ങളുടെ ഒരു പൂക്കാലമാണ് ദുബായ് മിറാക്കിൾ ഗാർഡൻ.  സന്ദർശകരെ വിസ്മയിപ്പിക്കുന്ന ഉദ്യാന കാഴ്ചകളുമായി മിറക്കിൾ ഗാർഡൻ വീണ്ടും സജീവമാവുകയാണ്. പൂക്കൾ തണൽ വിരിക്കുന്ന കവാടം മുതൽ തുടങ്ങുന്നു വർണ്ണ വൈവിധ്യങ്ങളുടെ വിസ്മയ ലോകം. ആലീസിന്റെ അത്ഭുത ലോകത്ത് എന്നപോലെ സന്ദർശകരെ വിസ്മയിപ്പിക്കുന്നതാണ് ഈ ഉദ്യാനത്തിലെ ഓരോ ചുവടും.

പുഷ്പങ്ങൾ കൊണ്ടൊരു വിസ്മയലോകം എങ്ങനെ ഒരുക്കാം എന്ന കാഴ്ചയാണ് മിറക്കിൾ ഗാർഡൻ. 72000 ചതുരശ്ര അടിയിൽ മറ്റൊരു ലോകമാണ് ഇവിടെ ഒരുങ്ങിയിരിക്കുന്നത്. ഒന്നരക്കോടിയോളം പുഷ്പങ്ങളാണ് ഈ ഉദ്യാനത്തിന് വർണ്ണവൈവിധ്യമേകുന്നത്. സ്മർഫ് വില്ലേജ് തന്നെയാണ് ഇത്തവണയും മിറക്കിൾ ഗാർഡനിലെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. സ്മർഫുകളുടെ ലോകം ഇക്കുറി കൂടുതൽ വിശാലമാണ്.  നടപ്പാതയോട് ചേർന്നൊരുക്കിയിരിക്കുന്ന വാട്ടർ മില്ലും സന്ദർശകരെ ആകർഷിക്കും.

ലോക റെക്കോർഡിൽ ഇടം പിടിച്ച എമിറേറ്റ്സ് എയർബസ് 380യുടെ പുഷ്പ മാതൃക ഇത്തവണയും ഉണ്ട്. ഫോട്ടോകൾ എടുക്കാനും റീലുകൾ തയ്യാറാക്കാനും ഒരുപാട് ഇടങ്ങളുണ്ട് ഈ ഉദ്യാനത്തിൽ. കുടകൾ തൊങ്ങല്‍ ചാർത്തുന്ന നടപ്പാതകളും ഇത്തവണത്തെ വേറിട്ട കാഴ്ചയാണ്. നടപ്പാതയോട് ചേർന്ന് സന്ദർശകർക്ക് വിശ്രമിക്കാൻ വള്ളിക്കുടിലുകൾ ഒട്ടേറെയുണ്ട്. പെറ്റൂണിയ, മാരിഗോള്‍ഡ്, ജെറേനിയം തുടങ്ങിയ പുഷ്പങ്ങളാണ് പ്രധാനമായും അലങ്കാരങ്ങളൊരുക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. ചൂട് കുറയുന്നതോടെ കൂടുതല്‍ വൈവിദ്ധ്യമാര്‍ന്ന പൂക്കള്‍ കൂടി ഇവിടേക്ക് എത്തും. 

ലോകകുപ്പ് ഫുട്ബോള്‍ സീസണ്‍, മിറക്കിള്‍ ഗാര്‍ഡനും ഗുണകരമാവുന്നുവെന്നാണ് കണക്കുകൂട്ടല്‍. അണിയറയില്‍ ചില ലോകകപ്പ് സ്‍പെഷ്യല്‍ സര്‍പ്രൈസുകളും ഒരുങ്ങുന്നുണ്ട്. ജീവിതത്തിലെ ഏതാനും മണിക്കൂര്‍ നേരം, വിസമയങ്ങളുടെ ഒരു പൂക്കാലമാണ് ദുബൈ മിറക്കിള്‍ ഗാര്‍ഡന്‍ വാഗ്ദാനം ചെയ്യുന്നത്. 

Read also: ദുബായ് എക്സ്പോ സിറ്റി വീണ്ടും വിളിക്കുന്നു; എത്ര കണ്ടാലും മതിവരാത്ത അത്ഭുത ലോകത്തേക്ക്

click me!