Asianet News MalayalamAsianet News Malayalam

ദുബായ് എക്സ്പോ സിറ്റി വീണ്ടും വിളിക്കുന്നു; എത്ര കണ്ടാലും മതിവരാത്ത അത്ഭുത ലോകത്തേക്ക്

ദുബായ് എക്സ്പോയിൽ ലോകമെങ്ങും നിന്നുള്ള സന്ദർശകരെ വിസ്മയിപ്പിച്ച ടെറ, അലിഫ് പവലിയനുകളാണ് ഇപ്പോൾ സന്ദർശകർക്കായി വീണ്ടും തുറന്നിരിക്കുന്നത്. ഇതിനുപുറമെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും  ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ജീവിതവും കാഴ്ചപ്പാടുകളും പറയുന്ന വിഷൻ പവലിയനും സ്ത്രീശാക്തീകരണത്തിന്റെ സന്ദേശമോതുന്ന വിമണ്‍ പവലിയനും പുതിയ കാഴ്ചകളായി സന്ദർശകർക്ക് മുന്നിലേക്ക് എത്തുന്നു. 

Dubai expo city reopens for visitors across the globe Gulf Roundup UAE
Author
First Published Oct 24, 2022, 12:15 PM IST

ദുബായ്: എത്ര കണ്ടാലും മതിവരാത്ത കാഴ്ച അനുഭവമാണ് ദുബായ് എക്സ്പോ സിറ്റി. ഓരോ തവണ കാണുമ്പോഴും ഒരു പുതിയ കാഴ്ചാ അനുഭവം ആണ് എക്സ്പോ സിറ്റി ആസ്വാദകന് സമ്മാനിക്കുന്നത്. അയാഥാർത്ഥ ലോകത്തിന്റെ ഭ്രമകൽപ്പനകൾ ആണോ എന്ന് തോന്നിപ്പിക്കും വിധം വിസ്മയിപ്പിക്കുന്നതാണ് ഓരോ കാഴ്ചകളും. ആറുമാസം നീണ്ട ദുബായ് എക്സ്പോ കാലത്തിനപ്പുറവും ഈ കാഴ്ചകൾ ആസ്വാദകരെ വലിച്ചെടുക്കുന്നു. ചെറിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും സന്ദർശകർക്കായി വാതിൽ തുറക്കുമ്പോഴും ഒട്ടും പുതുമയും തനിമയും ചോരാതെയാണ് എക്സ്പോ സിറ്റി ആസ്വാദകരെ വരവേൽക്കുന്നത്.

ദുബായ് എക്സ്പോയിൽ ലോകമെങ്ങും നിന്നുള്ള സന്ദർശകരെ വിസ്മയിപ്പിച്ച ടെറ, അലിഫ് പവലിയനുകളാണ് ഇപ്പോൾ സന്ദർശകർക്കായി വീണ്ടും തുറന്നിരിക്കുന്നത്. ഇതിനുപുറമെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും  ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ജീവിതവും കാഴ്ചപ്പാടുകളും പറയുന്ന വിഷൻ പവലിയനും സ്ത്രീശാക്തീകരണത്തിന്റെ സന്ദേശമോതുന്ന വിമണ്‍ പവലിയനും പുതിയ കാഴ്ചകളായി സന്ദർശകർക്ക് മുന്നിലേക്ക് എത്തുന്നു. ദുബായ് എക്സ്പോയുടെ ഓർമ്മകൾ മനസ്സിൽ നിൽക്കുന്നവരെല്ലാം വീണ്ടും എക്സ്പോ സിറ്റിയിലേക്ക് തിരികെയെത്തുന്നു. ആ കാഴ്ചകളെയും അനുഭവങ്ങളെയും തിരിച്ചുപിടിക്കാൻ.

പ്രകൃതിയാണ് മനുഷ്യന്റെ നിലനിൽപ്പിന്റെ ആധാരം എന്ന് ഓർമിപ്പിക്കുന്ന ടെറ പവലിയൻ. മനുഷ്യന്റെ ചൂഷണത്തിൽ നിന്ന് പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് വീണ്ടും വീണ്ടും എടുത്തു പറയുന്നത്. മരത്തിന്റെ വേരുകൾക്കടിയിലെ കാഴ്ചകളായും സമുദ്രാന്തർ ഭാഗത്തെ ജീവിതമായും ഒക്കെ ടെറാ പവലിയൻ വീണ്ടും ആ സന്ദേശം പകർന്നു നൽകുന്നു. മനുഷ്യന്റെ ഒടുങ്ങാത്ത ആവശ്യങ്ങൾ എങ്ങനെ പ്രകൃതിയുടെ താളം തെറ്റിക്കുന്നുവെന്ന് ടെറ പവലിയൻ കാണിച്ചുതരുന്നു.

കടലിന്റെ അടിത്തട്ടിലേക്കാണ് പിന്നെ കാഴ്ചക്കാരെ നയിക്കുന്നത്. കടലിലെ സൂക്ഷ്മ ജീവികളും പവിഴപ്പുറ്റുകളും എല്ലാം ഇവിടെ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നു. മനുഷ്യന്റെ ഇടപെടലുകൾ എങ്ങനെ ഇവയെ ഇല്ലാതാക്കുന്നു എന്നും ഈ പവലിയൻ കാണിച്ചുതരുന്നു. സമുദ്രത്തിൽ നിന്ന് ശേഖരിച്ച ലക്ഷക്കണക്കിന് പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടുള്ള ഇൻസ്റ്റലേഷൻ എങ്ങനെ മനുഷ്യൻ ഭൂമിയെ നശിപ്പിക്കുന്നു എന്നുള്ളതിന്റെ നേർക്കാഴ്ചയാണ്.  ഭൂമിയുടെ യഥാർത്ഥ ആവാസവ്യവസ്ഥ എങ്ങനെയായിരിക്കണം എന്ന് ഓർമിപ്പിച്ച് സമുദ്രയാത്രയും ഭൂമാന്തർ യാത്രയും ഒരു ബിന്ദുവിൽ അവസാനിപ്പിക്കുകയാണ് ടെറ പവലിയൻ.

മാനവരാശിയുടെ പ്രയാണത്തിന്റെ കഥയാണ് മറ്റൊന്ന്. കാൽനട യാത്രികനിൽ നിന്ന് ബഹിരാകാശ യാത്രികനായി വരെ വളർന്ന മനുഷ്യന്റെ കേവല യാത്രകളുടെ കഥ മാത്രമല്ല ഇത്. മനുഷ്യകുലത്തിന്റെ പുരോഗതിയിലേക്കുള്ള പ്രയാണത്തിന്റെ കഥ കൂടിയാണ് അലിഫ് പവലിയൻ. പൂമ്പാറ്റയെപ്പോലെ പറക്കാൻ മോഹിച്ച പെൺകുട്ടിയിൽ നിന്നാണ് ആ യാത്ര ആരംഭിക്കുന്നത്

നക്ഷത്രങ്ങളെ ഗണിച്ച് കാൽനടയായി ലോകം കണ്ട സഞ്ചാരികളിൽ നിന്ന് യാത്ര തുടങ്ങണം. യാത്രാ പഥത്തിൽ കാലാനുസൃതമായി മാറുന്ന മനുഷ്യന്റെ യാത്രാ മാർഗങ്ങൾ വരച്ചു കാണിക്കുന്നു. ചന്ദ്രനോളം എത്തിയ മനുഷ്യന്റെ യാത്രയുടെ കഥ പറഞ്ഞതാണ് ആ കാൽനടയാത്ര അവസാനിക്കുന്നത്. പക്ഷേ പുരോഗതിയിലേക്കുള്ള മനുഷ്യന്റെ പ്രയാണത്തിന്റെ കഥകൾ ഇനിയും അവസാനിച്ചിട്ടില്ലെന്ന് തുടർന്നുള്ള കാഴ്ചകൾ ഓർമിപ്പിക്കുന്നു. നിർമ്മിത ബുദ്ധിയുടെയും വിര്‍ച്വല്‍ റിയാലിറ്റിയുടെയും കാലത്തുള്ള  മാനവ ജീവിതവും ഇവിടെ കാണാം. പൂമ്പാറ്റയെ പോലെ പറക്കാൻ മോഹിച്ച ആ പെൺകുട്ടി എങ്ങനെ പുതിയ കാലത്തിന്റെ ചിത്രശലഭമായി മാറിയെന്ന് കാണിച്ചുതന്നാണ് അലിഫ് പവലിയനിലെ കാഴ്ചകൾ അവസാനിക്കുന്നത്.

സായാഹ്നങ്ങളിൽ സമ്മേളിക്കാനുള്ള മനോഹര ഇടമായും എക്സ്പോ സിറ്റി മാറിയിരിക്കുന്നു. എക്സ്പോ സിറ്റിയിലേക്കുള്ള പ്രവേശനം ഇപ്പോൾ തീർത്തും സൗജന്യമാണ്. അൽ വാസൽ ഡോമിനകത്തേ വിസ്മയ കാഴ്ചകളും സന്ദർശകർക്ക് സൗജന്യമായി ആസ്വദിക്കാം. കുടുംബത്തോടൊപ്പം ഇരുന്ന് അൽ വാസൽ ഡോമിലെ ദൃശ്യവിന്ന്യാസങ്ങൾ ആസ്വദിക്കുന്ന സായന്തനമാണ് രണ്ടാം വരവിൽ എക്സ്പോസിറ്റി വാഗ്ദാനം ചെയ്യുന്നത്. വിശേഷാവസരങ്ങളിൽ തനത് ഇമറാത്തി പാരമ്പര്യത്തിലുള്ള കലാരൂപങ്ങളും അൽ വാസൽ ഡോമിനകത്ത് ഉണ്ടാകും. അൽ വാസൽ ഡോമിലെ കാഴ്ചകൾ കണ്ടുകഴിഞ്ഞാൽ ഒരു വിളിപ്പാടകലെ സർറിയൽ വാട്ടർ ഫൗണ്ടൻ ഉണ്ട്. ഉല്ലാസത്തിന്റെ ഭ്രമകൽപ്പനാ ലോകമാണ് സർറിയൽ വാട്ടർ ഫൗണ്ടൻ. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇവിടെ എല്ലാം മറന്ന് ഉല്ലസിക്കാം.

അൽവസ്ൽ ഡോമിലേക്കും സർറിയൽ വാട്ടർ ഫൗണ്ടിനിലേക്കും ഉള്ള പ്രവേശനം തീർത്തും സൗജന്യമാണ്. കൂടുതൽ ആകർഷണീയമായ കാഴ്ചകൾ കൂടി ഉടൻ എക്സ്പോ സിറ്റിയുടെ ഭാഗമാകും. സന്ദർശകർക്കായി വിപുലമായ സൗകര്യങ്ങളാണ് എക്സ്പോ സിറ്റിയിൽ ഒരുക്കിയിരിക്കുന്നതും.  എക്സ്പോ കാലത്തിന്റെ ഓർമ്മകൾ പുതുക്കാനാണ് എല്ലാവരും ഇവിടേക്ക് എത്തുന്നത്. പക്ഷേ ഈ വരവ് പുതിയൊരു അനുഭവമായി മാറുന്നു എന്ന് ഓരോരുത്തരും പറയും. ഈ കാഴ്ചകൾ കാണണമെങ്കിൽ ദുബായിൽ തന്നെ വരണമെന്ന് ആർക്കും ഒരു സംശയവുമില്ല.  50 ദിർഹമാണ് ഓരോ പവലിയനിലേക്കുമുള്ള പ്രവേശന നിരക്ക്. എക്സ്പോസിറ്റിയുടെ വെബ്‍സൈറ്റ് വഴിയും എക്സ്പോ സിറ്റിയിൽ നിന്ന് നേരിട്ടും ടിക്കറ്റുകൾ സ്വന്തമാക്കാം. എക്സ്പോ സിറ്റിയുടെ ആകാശക്കാഴ്ചകൾ ആസ്വദിക്കാനുള്ള സ്‍കൈ ഗാർഡൻ സിറ്റിയിൽ കയറാൻ 30 ദിർഹവും നൽകണം.

നിശ്ചയദാർഢ്യമുള്ള വിഭാഗക്കാര്‍ക്കും (ഭിന്നശേഷിക്കാര്‍) കുട്ടികൾക്കും പ്രവേശനം സൗജന്യമാണ്. എല്ലാ പവലിനുകളും ആസ്വദിക്കാൻ കഴിയുന്ന 120 രൂപയുടെ പ്രതിദിന പാസ്സും പുറത്തിറക്കിയിട്ടുണ്ട്. ദുബായ് എക്സ്പോസിറ്റി വീണ്ടും വിളിക്കുകയാണ് ആസ്വാദകരെ. പഴയതും പുതിയതുമായ വിസ്മയ അനുഭവങ്ങളിലേക്ക്.
 

Read also: യുഎഇയില്‍ നാളെ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവും; ദുബൈയിലെ പള്ളികളില്‍ പ്രത്യേക നമസ്കാരം

Follow Us:
Download App:
  • android
  • ios