
ദുബൈ: സാഹസികമായി വാഹനമോടിച്ച് പൊലീസ് പട്രോള്‍ വാഹനത്തിലിടിച്ച രണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. 14ഉം 15ഉം വയസ്സുള്ള ആണ്‍കുട്ടികളാണ് പിടിയിലായത്.
അല്‍ വര്‍ഖയില്‍ പുലര്‍ച്ചെ നാല് മണിയോടെയാണ് കുട്ടികള്‍ സഞ്ചരിച്ച വാഹനം പൊലീസ് പട്രോള്‍ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വാഹനം നിര്‍ത്താനുള്ള സിഗ്നല്‍ കാണിച്ചിട്ടും അതനുസരിക്കാതെ വാഹനമോടിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടി പട്രോള്‍ വാഹനത്തില്‍ ഇടിക്കുകയായിരുന്നെന്ന് റാഷിദിയ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ സഈദ് ഹമദ് ബിന്‍ സുലൈമാന്‍ അല്‍ മാലിക് പറഞ്ഞു. ഇതിന് ശേഷം കുട്ടി എതിര്‍ദിശയിലേക്ക് അപകടകരമായ രീതിയില്‍ വാഹനമോടിച്ചു. തുടര്‍ന്ന് പട്രോള്‍ സംഘം വാഹനം നിര്‍ത്തിച്ചു. അന്വേഷണത്തില്‍ കുട്ടി തന്റെ സഹോദരന്റെ വാഹനം അനുവാദമില്ലാതെ ഓടിക്കുകയായിരുന്നെന്ന് തെളിഞ്ഞു.
ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിക്കുക, മനപ്പൂര്‍വ്വം പൊലീസ് വാഹനത്തില്‍ ഇടിക്കുക, മറ്റുള്ളവരുടെ ജീവന് ഭീഷണി ഉണ്ടാക്കുക, പൊതുസ്വത്ത് നശിപ്പിക്കുക എന്നീ കുറ്റങ്ങള്‍ കുട്ടികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇവരെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വാഹനത്തിന്റെ താക്കോല്‍ കുട്ടികളുടെ കൈവശം കൊടുക്കരുതെന്നും ലൈസന്‍സില്ലാതെ വാഹനമോടിക്കാന്‍ അനുവദിക്കരുതെന്നും ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മാലിക് രക്ഷിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam