
ദുബൈ: ആഡംബര കാര്‍ വാടകയ്ക്കെടുത്ത് വിദേശത്തേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ദുബൈ പൊലീസ്. വ്യാജ ലൈസന്‍സ് പ്ലേറ്റ് ഉപയോഗിച്ച് വാഹനങ്ങള്‍ കടത്താനുള്ള ഗൂഢാലോചനയാണ് തകര്‍ത്തതെന്ന് ദുബൈ പൊലീസ് അറിയിച്ചു. 13 ലക്ഷം ദിര്‍ഹം വിലയുള്ള (2.5 കോടിയിലധികം ഇന്ത്യന്‍ രൂപ) ലംബോര്‍ഗിനി വിദേശത്തേക്ക് കടത്താനുള്ള സംഘത്തിന്റെ ആദ്യ ശ്രമത്തിനിടെ പൊലീസിന്റെ വലയില്‍ കുടുങ്ങുകയായിരുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഉപയോഗിച്ചായിരുന്നു ദുബൈ പൊലീസിന്റെ നീക്കം. ആഡംബര കാറുകള്‍ കടത്താനുള്ള പദ്ധതിയുമായാണ് ഒരു യൂറോപ്യന്‍ രാജ്യത്തുനിന്ന് പ്രതികള്‍ യുഎഇയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. വ്യാജ നമ്പര്‍ പ്ലേറ്റുകളുണ്ടാക്കി വാഹനങ്ങള്‍ കടത്താനായിരുന്നു പദ്ധതി. ദുബൈയിലെ ഒരു ആഡംബര ജനവാസ മേഖലയിലായിരുന്നു ഇവരുടെ സങ്കേതമെന്ന് ദുബൈ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹീം അല്‍ മന്‍സൂരി പറഞ്ഞു. ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ പൊലീസ് സംഘം ഇവിടെ റെയ്ഡ് നടത്തി.
ഒരു കാര്‍ റെന്റല്‍ ഓഫീസില്‍ നിന്നാണ് പൊലീസിന് സംഘത്തെക്കുറിച്ചുള്ള സൂചന ലഭിച്ചതെന്ന് സിഐഡി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലീം അല്‍ ജലാഫ് പറഞ്ഞു. ഒരു യൂറോപ്യന്‍ പൗരന്‍ ഇവിടെ നിന്ന് കാര്‍ വാടകയ്ക്ക് എടുത്തിരുന്നു. എന്നാല്‍ വാഹനം മോഷ്‍ടിക്കപ്പെട്ടതായി സംശയമുണ്ടെന്ന് മാനേജ്‍മെന്റ് പൊലീസിനെ അറിയിച്ചു. കാറിന്റെ ലൊക്കേഷനും മറ്റ് വിവരങ്ങളും കണ്ടെത്താതിരിക്കാന്‍ സംഘം അത്യാധുനിക സംവിധാനങ്ങളാണ് ഉപയോഗിച്ചത്. എന്നാല്‍ പൊലീസിന്റെ ക്രിമിനല്‍ അനാലിസിസ് സെന്ററും സിഐഡിയും നടത്തിയ ശ്രമത്തിനൊടുവില്‍ കാറിന്റെ ലൊക്കേഷന്‍ കണ്ടെത്തി.
സ്ഥലത്ത് നിരീക്ഷണം നടത്തിയതോടെ യൂറോപ്യന്‍ പൗരന്മാരായ പ്രതികളെയെല്ലാം പൊലീസ് തിരിച്ചറിയുകയും ചെയ്‍തു. ആഡംബര ജനവാസ മേഖലയിലായിരുന്നു ഇവരുടെ സങ്കേതം. പൊലീസ് സംഘം ഇവിടെയെത്തി നാല് പ്രതികളെയും പിടികൂടി. വ്യാജ നമ്പര്‍ പ്ലേറ്റുകളും തട്ടിപ്പിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ഇവരുടെ താമസ സ്ഥലത്തുനിന്ന് നിന്ന് പൊലീസ് പിടിച്ചെടുത്തു. പ്രതികള്‍ കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam