
ദുബൈ: യുഎഇയിലുള്ള പ്രവാസികളും പൗരന്മാരും ഈദ് അവധി ദിനങ്ങൾ ആഘോഷമാക്കുന്നതിനിടെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ട് ദുബൈ രാജകുടുംബാംഗം. മറ്റാരുമല്ല ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് വ്യത്യസ്തമായ രീതിയിൽ ഈദ് ദിനങ്ങൾ ആഘോഷമാക്കുന്നത്. പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്ന അബ്രയിൽ ശൈഖ് ഹംദാൻ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ശൈഖ് ഹംദാൻ തന്നെയാണ് ഇതിന്റെ വീഡിയോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്.
നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന ഗതാഗത മാർഗ്ഗങ്ങളിലൊന്നാണ് അബ്ര. അബ്രയിൽ ദുബൈ ക്രീക്കിൽ നിന്ന് അൽ സീഫ് മാർക്കറ്റിലേക്ക് യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പങ്കുവെച്ചത്. ഓൾഡ് ദുബൈ മാർക്കറ്റിൽ വിൽപ്പനക്ക് വെച്ചിരിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളും പരമ്പരാഗത ഭക്ഷ്യ വസ്തുക്കളും പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദുബൈ ട്രാം വികസിപ്പിക്കൽ, സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കൽ, പറക്കും ടാക്സികൾ പോലുള്ള പുതിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കൽ എന്നിവയുൾപ്പെടെ ദുബൈയുടെ പൊതുഗതാഗത സംരംഭങ്ങളിൽ കിരീടാവകാശി സജീവമായി ഇടപെടാറുണ്ട്.
തന്റെ ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങളെല്ലാം തന്നെ ശൈഖ് ഹംദാൻ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ഈദ് ആഘോഷങ്ങളുടെ ചിത്രവും കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവെച്ചിരുന്നു. തന്റെ ഏറ്റവും ഇളയ മകളോടൊപ്പമുള്ള ചിത്രത്തോടെയാണ് ശൈഖ് ഹംദാൻ ഈദ് ആശംസകൾ പങ്കുവെച്ചത്. 7 ദശലക്ഷം പേർ ഇൻസ്റ്റഗ്രാമിൽ ശൈഖ് ഹംദാനെ പിന്തുടരുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam