
റിയാദ്: വിദേശത്തുള്ള ഇന്ത്യക്കാർക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഇ-പാസ്‌പോർട്ട് സേവനം സൗദി അറേബ്യയിലെ ലക്ഷക്കണക്കിന് വരുന്ന പ്രവാസികൾക്കും ലഭ്യമാക്കി. സൗദിയിലെ ഇന്ത്യൻ മിഷനുകൾ വഴി ഗ്ലോബൽ പാസ്‌പോർട്ട് സേവാ പ്രോഗ്രാം 2.0 മുഖേനയുള്ള ഇ-പാസ്‌പോർട്ട് വിതരണം ചെയ്യാനുള്ള സൗകര്യമാണ് ഒക്ടോബർ 24 മുതൽ യാഥാർത്ഥ്യമായത്. റിയാദ് ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ പുതിയ ഇ-പാസ്‌പോർട്ട് ഔദ്യോഗിക വിതരണോദ്ഘാടനം നിർവഹിച്ചു. പടിഞ്ഞാറൻ മേഖലകളിലുള്ള ഇന്ത്യക്കാർക്കായി ഡിജിറ്റൽ പാസ്പോർട്ടുകളുടെ വിതരണോദ്ഘാടനം ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി നിർവഹിച്ചു. അപേക്ഷകരായ എട്ടു പേർക്കുള്ള ഇ-പാസ്‌പോർട്ടുകൾ കോൺസൽ ജനറൽ വിതരണം ചെയ്തു. പ്രസ്സ്, ഇൻഫർമേഷൻ ആൻഡ് കൊമേഴ്സ്യൽ കോൺസൽ മുഹമ്മദ് ഹാഷിം, പാസ്പോർട്ട് വൈസ് കോൺസൽ സുനിൽ ചൗഹാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇ-പാസ്പോർട്ടിന്റെ സാങ്കേതിക വശങ്ങൾ കോൺസുലർ സർവീസ് വിഭാഗം ഉദ്യോഗസ്ഥൻ സതീഷ് വിവരിച്ചു.
നിലവിൽ കൈവശമുള്ള പഴയ പതിപ്പ് പാസ്‌പോർട്ടുകൾ അതിന്റെ കാലാവധി തീരുന്നതുവരെ സാധുവായിരിക്കും. കാലാവധി ആവാതെ ഈ പാസ്‌പോർട്ടുകൾ ഉടൻ മാറ്റേണ്ട ആവശ്യമില്ല. ഔദ്യോഗിക പാസ്പോർട്ട് സേവാ വെബ്സൈറ്റിലൂടെ നിലവിൽ പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന രീതിയിൽ തന്നെയാണ് ഇ-പാസ്‌പോർട്ടുകൾക്കുള്ള അപേക്ഷയും സമർപ്പിക്കേണ്ടത്. എന്നാൽ ഇ-പാസ്പോർട്ടുകൾക്ക് അപേക്ഷിക്കുമ്പോൾ സമർപ്പിക്കേണ്ട ഫോട്ടോ സംബന്ധിച്ചുള്ള ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐ.സി.എ.ഒ) പ്രത്യേക നിർദേശങ്ങൾ പൂർണമായും പാലിക്കണം. പാസ്പോര്ട്ട് അപേക്ഷ ഫീസിനത്തിലോ മറ്റു നടപടികളിലോ ഒന്നും ഒരു മാറ്റവുമില്ല. നിലവിലെ പാസ്‌പോർട്ട് പുതുക്കുന്നവർക്കും പുതിയ പാസ്‌പോർട്ടിനായി അപേക്ഷിക്കുന്നവർക്കും ഇനി മുതൽ ഇ-പാസ്‌പോർട്ട് ആണ് ലഭിക്കുക. എന്നാൽ ഒക്ടോബർ 24 ന് മുമ്പ് പുതിയ പാസ്സ്പോർട്ടിനോ നിലവിലുള്ളത് പുതുക്കാനോ അപേക്ഷിച്ചവർക്ക് പഴയ രീതിയിലുള്ള പാസ്പോര്ട്ട് തന്നെയാണ് ലഭിക്കുക.
നിലവിലെ പരമ്പരാഗത പാസ്‌പോർട്ടുകൾക്ക് പകരമായി ചിപ്പ് ഘടിപ്പിച്ച പുറം ചട്ടയോടെ ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തിയ 36 പേജുകളുള്ള ഇ-പാസ്‌പോർട്ടുകൾ ലഭ്യമാകുന്നതോടെ, പാസ്‌പോർട്ട് സേവനങ്ങൾ കൂടുതൽ വേഗത്തിലും സുരക്ഷിതമായും ലഭ്യമാകും. ഡാറ്റാ മോഷണം, പാസ്‌പോർട്ട് ദുരുപയോഗം ചെയ്യൽ തുടങ്ങിയ സുരക്ഷാ ഭീഷണികളെ ഫലപ്രദമായി പ്രതിരോധിക്കാൻ ഇ-പാസ്‌പോർട്ടുകൾക്ക് കഴിയും. വിമാനത്താവളങ്ങളിലെ ഓട്ടോമേറ്റഡ് ഗേറ്റുകൾ വഴി എമിഗ്രേഷൻ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ ഇ-പാസ്‌പോർട്ടുകൾ സഹായിക്കും. പാസ്‌പോർട്ടിന്റെ വിവരങ്ങൾ ചിപ്പിൽ എൻക്രിപ്റ്റ് ചെയ്ത് സൂക്ഷിക്കുന്നതിനാൽ വ്യക്തിഗത വിവരങ്ങൾ ചോരുന്നത് തടയാനാകും. കൂടാതെ, ലോകമെമ്പാടുമുള്ള എമിഗ്രേഷൻ അധികാരികൾ ഇ-പാസ്‌പോർട്ടുകൾ വേഗത്തിൽ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യും.
ഈ സംവിധാനം നിലവിൽ വരുന്നതോടെ സൗദിയിലെ ഇന്ത്യൻ എംബസിയിലും കോൺസുലേറ്റുകളിലും പാസ്‌പോർട്ട് പുതുക്കുന്നതിനും പുതിയ പാസ്‌പോർട്ടിനും അപേക്ഷിക്കുന്ന പ്രവാസികൾക്ക് ഇ-പാസ്‌പോർട്ട് ലഭിച്ചു തുടങ്ങും. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഈ മാറ്റം ഇന്ത്യയും സൗദിയുമായിട്ടുള്ള പ്രവാസി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തൽ. പ്രവാസികൾക്ക് മെച്ചപ്പെട്ടതും സുഗമവുമായ യാത്രാനുഭവം നൽകാൻ ഈ നീക്കം സഹായകമാകും. 1998-ൽ മലേഷ്യയിൽ ആരംഭിച്ച ബയോമെട്രിക് ഇ-പാസ്‌പോർട്ട് സേവനം നിലയിൽ ഇന്ത്യ അടക്കം 150 ലധികം രാജ്യങ്ങളിൽ നടപ്പിലാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ