
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വദേശിവത്കരണ നടപടികള്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി 1875 പ്രവാസി അധ്യാപകരെ പിരിച്ചുവിടുന്നു. ഏതൊക്കെ സ്‍കൂളുകളില്‍ നിന്ന് ഏതൊക്കെ അധ്യാപകരെയാണ് ഈ അക്കാദമിക വര്‍ഷത്തിന്റെ അവസാനത്തോടെ ഒഴിവാക്കേണ്ടതെന്ന പട്ടികയും ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. ഇവരുടെ സേവനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഓരോ അധ്യാപകനും ജോലി ചെയ്യുന്ന അക്കാദമിക മേഖലയുടെ അവസ്ഥ പരിഗണിച്ച് തീരുമാനമെടുത്ത ശേഷം അറിയിപ്പ് പുറപ്പെടുവിക്കുമെന്ന് അല്‍ ജരീദ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.
സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കുന്നതിനുള്ള തീരുമാനത്തിന് അടുത്തിടെയാണ് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നല്‍കിയത്. ഇതിന് പിന്നാലെ പിരിച്ചുവിടേണ്ട അധ്യാപകരുടെ പേരുകളടങ്ങിയ പട്ടിക തയ്യാറാക്കുകയും ചെയ്‍തു. കഴിഞ്ഞ ബുധനാഴ്ച ഈ പട്ടിക അഡ്‍മിനിസ്‍ട്രേറ്റീവ് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അധ്യാപകരുടെ സേവനം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക. പിരിച്ചുവിടപ്പെടുന്ന അധ്യാപകര്‍ക്ക് അക്കാര്യം അറിയിച്ചുകൊണ്ടുള്ള നോട്ടീസ് നല്‍കും. ഓരോ വിഷയത്തിലുമുള്ള അധ്യാപകരുടെ എണ്ണവും മറ്റ് സാങ്കേതിക നിര്‍ദേശങ്ങളുമെല്ലാം കണക്കിലെടുത്താണ് ഒഴിവാക്കേണ്ട പ്രവാസി അധ്യാപകരുടെ പട്ടിക തയ്യാറാക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം കുവൈത്തില്‍ ഒരു വര്‍ഷത്തിനിടെ 14,617 സ്വദേശികള്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ലഭിച്ചതായാണ് ഔദ്യോഗിക രേഖകള്‍. കഴിഞ്ഞ വര്‍ഷം സെപ്‍റ്റംബര്‍ അവസാനത്തെ കണക്കുകള്‍ പ്രകാരം പൊതു- സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 4,38,803 ആണ്. മുന്‍വര്‍ഷത്തിന് ഇത് 4,26,186 ആയിരുന്നു. രാജ്യത്ത് ജോലി ചെയ്യുന്നവരുടെ ആകെ എണ്ണം കണക്കാക്കുമ്പോള്‍ കുവൈത്ത് പൗരന്മാരും ഇപ്പോഴും മൂന്നാം സ്ഥാനത്താണ്. ഇതില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കാര്‍ക്കും രണ്ടാം സ്ഥാനം ഈജിപ്ഷ്യന്‍ പൗരന്മാര്‍ക്കുമാണ്.
Read also: യുഎഇ ഡ്രൈവിങ് ലൈസന്‍സ് ഇന്ത്യയില്‍ നിന്ന് പുതുക്കാന്‍ സാധിക്കുമോ? അധികൃതരുടെ മറുപടി ഇങ്ങനെ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam