വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് എട്ട് പ്രവാസികളെ അറസ്റ്റ് ചെയ്‍തു; വ്യാപക പരിശോധന തുടരുന്നു

By Web TeamFirst Published Sep 16, 2022, 12:52 PM IST
Highlights

തുടര്‍ നടപടികള്‍ക്കായി എല്ലാവരെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട എട്ട് പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിദേശികളെ കണ്ടെത്താനായി രാജ്യവ്യാപകമായി നടന്നുവരുന്ന പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്. തുടര്‍ നടപടികള്‍ക്കായി എല്ലാവരെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

കഴിഞ്ഞയാഴ്ചയും കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് ഒന്‍പത് പേരെ അറസ്റ്റ് ചെയ്‍തിരുന്നു. എട്ട് പുരുഷന്മാരും ഒരു സ്‍ത്രീയുമാണ് പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരില്‍ ഏഴ് പേരെ ജലീബ് അല്‍ ശുയൂഖ് ഏരിയയില്‍ നിന്നും ഒരാളെ സാല്‍മിയയില്‍ നിന്നുമാണ് പിടികൂടിയത്. തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി എല്ലാവരെയും ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സമാനമായ കേസില്‍ 25 പ്രവാസികളും കുവൈത്തില്‍ പിടിയിലായി. 

കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന പരിശോധനകള്‍ തുടരുന്നു. നൂറു കണക്കിന് നിയമ ലംഘകരെയാണ് കഴിഞ്ഞ മാസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ്  ചെയ്‍തത്. താമസ രേഖകളില്ലാതെയും കാലാവധി കഴിഞ്ഞ രേഖകളുമായും രാജ്യത്ത് താമസിക്കുന്നവരെയും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്നവരെയുമാണ് പ്രധാനമായും പിടികൂടുന്നത്. ഒപ്പം വിവിധ കേസുകളില്‍ സുരക്ഷാ വകുപ്പുകളുടെ പ്രതിപ്പട്ടികയില്‍ ഉള്ളവരെയും പരിശോധനാ ക്യാമ്പയിനുകളില്‍ അറസ്റ്റ് ചെയ്യുന്നുണ്ട്.

ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജലീബ് അല്‍ ശുയൂഖ്, മഹ്‍ബുല പോലുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞയാഴ്ച അപ്രതീക്ഷിത പരിശോധനകളും നടന്നു. ചിലയിടങ്ങളില്‍ പരിശോധനയ്ക്ക് ആഭ്യന്തര മന്ത്രി തന്നെ നേരിട്ട് നേതൃത്വം നല്‍കുകയും ചെയ്തു. എന്‍ട്രി, പോയിന്റുകള്‍ അടച്ച് ഉദ്യോഗസ്ഥര്‍ ഓരോരുത്തരുടെയും തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുകയായിരുന്നു. നിയമലംഘനങ്ങള്‍ക്ക് പിടിയിലാവുന്ന പ്രവാസികളെ ഉടന്‍ തന്നെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി അവിടെ നിന്ന് നാടുകടത്തുകയുമാണ് ചെയ്യുന്നത്. ഇങ്ങനെ പിടിക്കപ്പെടുന്നവര്‍ക്ക് പിന്നീട് കുവൈത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കില്ല. കൂടാതെ നിശ്ചിത കാലയളവിലേക്ക് എല്ലാ ജി.സി.സി രാജ്യങ്ങളിലേക്കും പ്രവേശന വിലക്കും ഏര്‍പ്പെടുത്തും.

click me!