
അബുദാബി: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ യുഎഇയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വീടുകളിലും തെരുവുകളിലും കടകളിലും വെള്ളം കയറി. വെള്ളപ്പൊക്കമുണ്ടായ ഫുജൈറയിലെ അല്‍ ഫസീല്‍ പ്രദേശത്ത് നിന്ന് ഒരു കുടുംബത്തെ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ രക്ഷപ്പെടുത്തുന്ന വീഡിയോ ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച പങ്കുവെച്ചു.
ഒരു വില്ലയില്‍ നിന്നും കുടുംബത്തെ രക്ഷപ്പെടുത്തുന്ന വീഡിയോയാണിത്. കുട്ടി ഉള്‍പ്പെട്ട കുടുംബത്തെ ഇവിടെ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. കല്‍ബയില്‍ ഒരു കുടുംബത്തെ രക്ഷപ്പെടുത്തുന്നതിനിടെ ഉദ്യോഗസ്ഥന്‍ കുട്ടിയെ ചുമലിലേറ്റി വെള്ളക്കെട്ടിലൂടെ നടക്കുന്ന വീഡിയോയും മന്ത്രാലയം പങ്കുവെച്ചിട്ടുണ്ട്.
ബുധനാഴ്‍ച പെയ്‍ത കനത്ത മഴയില്‍ യുഎഇയിലെ ഫുജൈറയില്‍ വിവിധ സ്ഥലങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായിരുന്നു. തുടര്‍ന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും അടിയന്തര സഹായം എത്തിക്കാനും യുഎഇ സൈന്യം രംഗത്തിറങ്ങി. എമിറേറ്റിലെ പല സ്ഥലങ്ങളിലും റോഡുകളും വാദികളും നിറഞ്ഞുകവിഞ്ഞു. ചിലയിടങ്ങളില്‍ ജനങ്ങളുടെ താമസ സ്ഥലങ്ങളില്‍ വെള്ളം കയറി.
ഫുജൈറയില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടിരുന്നു. മറ്റ് എമിറേറ്റുകളിലെ ദുരന്ത നിവാരണ, രക്ഷാ പ്രവര്‍ത്തക സേനകളെ ഫുജൈറയിലും രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളിലും എത്തിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് ശൈഖ് മുഹമ്മദ് നിര്‍ദേശം നല്‍കിയിരുന്നു.
കനത്ത മഴയില്‍ ഫുജൈറയില്‍ വെള്ളപ്പൊക്കം; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്ത്
ഫുജൈറ അധികൃതരുമായി ചേര്‍ന്ന രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്‍ച ട്വീറ്റ് ചെയ്‍തു. കനത്ത മഴയില്‍ രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ കനത്ത വെള്ളപ്പൊക്കമാണ് ഉണ്ടായത്. ചില വീടുകള്‍ തകര്‍ന്നതായും വാഹനങ്ങള്‍ ഒലിച്ചുപോയതായും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അതേസമയം ബുധനാഴ്‍ച കനത്ത മഴ ലഭിച്ച യുഎഇയിലെ ഫുജൈറയില്‍ ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഫുജൈറയില്‍ യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രതയോടു കൂടിയ കാലാവസ്ഥ പ്രതീക്ഷിക്കപ്പെടുന്നുവെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഓര്‍മിപ്പിക്കുന്നതാണ് റെഡ് അലെര്‍ട്ട്.
റാസല്‍ഖൈമ എമിറേറ്റില്‍ ഓറഞ്ച് അലെര്‍ട്ടും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. അധികൃതര്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് ജാഗ്രതയോടെയിരിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് യെല്ലോ അലെര്‍ട്ട്.
ഖത്തറില്‍ ഇടിയോട് കൂടിയ കനത്ത മഴ
ദോഹ: ഖത്തറില്‍ കനത്ത മഴ. വ്യാഴാഴ്ച രാവിലെ മുതല്‍ ദോഹ ഉള്‍പ്പെടെ ഖത്തറിന്റെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. ഇടിയോട് കൂടിയ മഴ മണിക്കൂറുകളോളം തുടര്‍ന്നു.
ദോഹ, അല്‍ വക്ര, അല്‍ റയാന്‍, ഐന്‍ ഖാലിദ്, അബു ഹമൂര്‍ എന്നിവിടങ്ങളിലെല്ലാം മഴ പെയ്തു. കനത്ത മഴ മൂലം ചിലയിടങ്ങളില്‍ രാവിലെ ഗതാഗതവും തടസ്സപ്പെട്ടു. ബുധനാഴ്ചയും രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ നേരിയ മഴ പെയ്തിരുന്നു. മഴയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഈ ആഴ്ച കനത്ത മഴയും കാറ്റുമുണ്ടാകുമെന്ന് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സഹായം ആവശ്യമുള്ള അടിയന്തരഘട്ടങ്ങളില്‍ 999 എന്ന നമ്പരില്‍ വിളിക്കാമെന്നും അറിയിപ്പുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam