യുഎഇയില്‍ മഴ തുടരാന്‍ സാധ്യത; ചില പ്രദേശങ്ങളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു

By Web TeamFirst Published Jul 28, 2022, 4:20 PM IST
Highlights

റാസല്‍ഖൈമ എമിറേറ്റില്‍ ഓറഞ്ച് അലെര്‍ട്ടും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. അധികൃതര്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് ജാഗ്രതയോടെയിരിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് യെല്ലോ അലെര്‍ട്ട്.

ഫുജൈറ: ബുധനാഴ്‍ച കനത്ത മഴ ലഭിച്ച യുഎഇയിലെ ഫുജൈറയില്‍ ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഫുജൈറയില്‍ യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  തീവ്രതയോടു കൂടിയ കാലാവസ്ഥ പ്രതീക്ഷിക്കപ്പെടുന്നുവെന്നും (hazardous weather events of exceptional severity) അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഓര്‍മിപ്പിക്കുന്നതാണ് റെഡ് അലെര്‍ട്ട്.

റാസല്‍ഖൈമ എമിറേറ്റില്‍ ഓറഞ്ച് അലെര്‍ട്ടും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. അധികൃതര്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് ജാഗ്രതയോടെയിരിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് യെല്ലോ അലെര്‍ട്ട്. ഫുജൈറയ്‍ക്കും റാസല്‍ഖൈമയ്‍ക്കും പുറമെ യുഎഇയിലെ കിഴക്കന്‍ മേഖലയില്‍ ഒന്നടങ്കം യെല്ലോ അലെര്‍ട്ടും പ്രാബല്യത്തിലുണ്ട്. അസ്ഥിര കാലാവസ്ഥ തുടരാന്‍ സാധ്യതയുള്ളതിനാല്‍ പുറത്തിറങ്ങുമ്പോള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നാണ് യെല്ലോ അലെര്‍ട്ട് സൂചിപ്പിക്കുന്നത്. ബീച്ചുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും പോകുന്നവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
 

pic.twitter.com/i9s54fmgcO

— المركز الوطني للأرصاد (@NCMS_media)

Read also: യുഎഇയിലെ കനത്ത മഴ; വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കി അധികൃതര്‍

കനത്ത മഴയില്‍ ഫുജൈറയില്‍ വെള്ളപ്പൊക്കം; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്ത്
ഫുജൈറ: ബുധനാഴ്‍ച പെയ്‍ത കനത്ത മഴയില്‍ യുഎഇയിലെ ഫുജൈറയില്‍ വിവിധ സ്ഥലങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും അടിയന്തര സഹായം എത്തിക്കാനും യുഎഇ സൈന്യം രംഗത്തിറങ്ങി. എമിറേറ്റിലെ പല സ്ഥലങ്ങളിലും റോഡുകളും വാദികളും നിറഞ്ഞുകവിഞ്ഞു. ചിലയിടങ്ങളില്‍ ജനങ്ങളുടെ താമസ സ്ഥലങ്ങളില്‍ വെള്ളം കയറി.

ഫുജൈറയില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടിരുന്നു. മറ്റ് എമിറേറ്റുകളിലെ ദുരന്ത നിവാരണ, രക്ഷാ പ്രവര്‍ത്തക സേനകളെ ഫുജൈറയിലും രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളിലും എത്തിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് ശൈഖ് മുഹമ്മദ് നിര്‍ദേശം നല്‍കി. 

ഫുജൈറ അധികൃതരുമായി ചേര്‍ന്ന രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്‍ച ട്വീറ്റ് ചെയ്‍തു. കനത്ത മഴയില്‍ രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ കനത്ത വെള്ളപ്പൊക്കമാണ് ഉണ്ടായത്. ചില വീടുകള്‍ തകര്‍ന്നതായും വാഹനങ്ങള്‍ ഒലിച്ചുപോയതായും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

താമസ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ടുപോയ ആളുകളെ സൈനികര്‍ എത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെയ്‍ത കനത്ത മഴ കാരണമായി ഉണ്ടാകുന്ന അടിയന്തര സാഹചര്യം നേരിടാന്‍ പൊലീസ്, സിവില്‍ ഡിഫന്‍സ്, ദേശീയ ദുരന്ത നിവാരണ വിഭാഗം എന്നിവയുമായി സഹകരിച്ച് നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയവും അറിയിച്ചു.

Read also: ഒമാനില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയ യുവാവിനെ സിവില്‍ ഡിഫന്‍സ് രക്ഷിച്ചു

click me!