15 ദിര്‍ഹത്തിന് സ്വദേശി യുവാക്കളുടെ 'ലിഫ്റ്റ് 'വാഗ്ദാനം; കാറില്‍ കയറിയ ഇന്ത്യക്കാരന് സംഭവിച്ചത്

Published : Nov 18, 2019, 05:20 PM IST
15 ദിര്‍ഹത്തിന് സ്വദേശി യുവാക്കളുടെ 'ലിഫ്റ്റ് 'വാഗ്ദാനം; കാറില്‍ കയറിയ  ഇന്ത്യക്കാരന് സംഭവിച്ചത്

Synopsis

ദുബായില്‍ കുക്ക് ആയി ജോലി ചെയ്തിരുന്ന 59കാരനായ ഇന്ത്യക്കാരന്‍ നാദ് അല്‍ ശെബയിലെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴാണ് രണ്ട് യുവാക്കള്‍ കാറിലെത്തിയത്. 27 വയസുള്ള യുവാവാണ് കാര്‍ ഓടിച്ചിരുന്നത്. 

ദുബായ്: യുഎഇയില്‍ സ്വദേശികളുടെ കാറില്‍ കയറിയ ഇന്ത്യക്കാരനെ കൊള്ളയടിച്ച ശേഷം വിജനമായ പ്രദേശത്ത് ഇറക്കിവിട്ടു. 15 ദിര്‍ഹത്തിന് തനിക്ക് പോകേണ്ട സ്ഥലത്ത് ഇറക്കിവിടാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു കാറില്‍ കയറ്റിയത്. കൈയിലുണ്ടായിരുന്ന 4050 ദിര്‍ഹം പിടിച്ചുവാങ്ങിയ ശേഷം വിജനമായ സ്ഥലത്ത് ഇറക്കി വിടുകയായിരുന്നു. കേസ് ഞായറാഴ്ച യുഎഇ പ്രാഥമിക കോടതിയുടെ പരിഗണനയ്ക്ക് വന്നു.

ദുബായില്‍ കുക്ക് ആയി ജോലി ചെയ്തിരുന്ന 59കാരനായ ഇന്ത്യക്കാരന്‍ നാദ് അല്‍ ശെബയിലെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴാണ് രണ്ട് യുവാക്കള്‍ കാറിലെത്തിയത്. 27 വയസുള്ള യുവാവാണ് കാര്‍ ഓടിച്ചിരുന്നത്. ഇന്ത്യക്കാരനു സമീപം വാഹനം നിര്‍ത്തിയ ശേഷം എവിടെ പോകുന്നുവെന്ന് അന്വേഷിച്ചു. സ്ഥലം പറഞ്ഞപ്പോള്‍ 15 ദിര്‍ഹം നല്‍കിയാല്‍ അവിടെ ഇറക്കാമെന്ന് വാഗ്ദാനം ചെയ്തു.

എന്നാല്‍ യാത്ര തുടങ്ങി അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ മറ്റൊരു വഴിയിലേക്കാണ് അവര്‍ പോകുന്നതെന്ന് മനസിലാക്കിയ ഇന്ത്യക്കാരന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി. എന്നാല്‍ താന്‍ ആദ്യം സുഹൃത്തിനെ മറ്റൊരിടത്ത് കൊണ്ടുവിട്ടശേഷം പോകേണ്ട സ്ഥലത്ത് പോകാമെന്നായിരുന്നു വാഹനം ഓടിച്ചിരുന്നയാള്‍ പറഞ്ഞത്. വിജനമായ സ്ഥലത്തെത്തിയപ്പോള്‍ കാര്‍ നിര്‍ത്തുകയും ഷര്‍ട്ടില്‍ ബലമായി പിടിച്ച് പഴ്‍സ് കൈക്കലാക്കുകയുമായിരുന്നു. ഈ സമയം രണ്ടാമന്‍ മറ്റാരെങ്കിലും അതുവഴി വരുന്നുണ്ടോയെന്ന് നിരീക്ഷിച്ചു. പഴ്‍സ് കൈക്കലാക്കിയ ശേഷം ഇന്ത്യക്കാരനെ വാഹനത്തില്‍ നിന്ന് തള്ളി താഴെയിട്ടു.

ആകെയുണ്ടായിരുന്ന 4050 ദിര്‍ഹം എടുത്തശേഷം പഴ്‍സ് പുറത്തേക്ക് എറിഞ്ഞുകൊടുത്തു. തുടര്‍ന്ന് കാറുമായി രക്ഷപെടുകയായിരുന്നു. വാഹനത്തിന്റെ നമ്പര്‍ ശ്രദ്ധിക്കാന്‍ ആ സാഹചര്യത്തില്‍ ഇന്ത്യക്കാരന് സാധിച്ചില്ല. ബര്‍ദുബായ് പൊലീസ് സ്റ്റേഷനിലെത്തി പിന്നീട് പരാതി നല്‍കി. ദിവസങ്ങള്‍ക്ക് ശേഷം പൊലീസ് ക്രിമിനല്‍ അന്വേഷണ വിഭാഗത്തില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ഇന്ത്യക്കാരനെ ബന്ധപ്പെട്ടു. സ്റ്റേഷനിലെത്താന്‍ പറഞ്ഞ അദ്ദേഹത്തിന് മുന്നില്‍ ഒരു സ്വദേശി യുവാവിനെ ഹാജരാക്കിയ ശേഷം ഇയാളെ പരിചയമുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ ആരാഞ്ഞു. തന്നെ കൊള്ളയടിച്ച വാഹനം ഓടിച്ചിരുന്ന ഡ്രൈവറെ തിരിച്ചറിയാന്‍ അദ്ദേഹത്തിന് പ്രയാസമുണ്ടായിരുന്നില്ല.

ഇന്ത്യക്കാരനില്‍ നിന്ന് ലഭിച്ച പരാതിക്ക് സമാനമായ പരാതികള്‍ പലരില്‍ നിന്നും പൊലീസിന് ലഭിച്ചിരുന്നു. ഇക്കൂട്ടത്തില്‍ പെട്ട ഒരു സംഭവത്തില്‍ പ്രതിയുടെ മുഖം നിരീക്ഷണ ക്യാമറയില്‍ പതിയുകയായിരുന്നു. പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തശേഷം പരാതിക്കാരെ വിളിച്ചുവരുത്തി. എല്ലാ കേസിലെയും പരാതിക്കാര്‍ ഇയാളെ തിരിച്ചറിയുകയും ചെയ്തു. സെപ്തംബര്‍ 19നാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലും മറ്റ് മോഷണക്കേസുകളിലും ഇയാള്‍ പ്രതിയുമായിരുന്നു. കേസില്‍ നവംബര്‍ 24ന് കോടതി വിധി പറയും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ