
ജിദ്ദ: എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്നുള്ള ചാരം ഉൾപ്പെടെയുള്ള പുകപടലം സൗദി അറേബ്യയെ നേരിട്ട് ബാധിക്കില്ലെന്ന് അധികൃതർ. സൗദിയുടെ അന്തരീക്ഷത്തിന് നേരിട്ടുള്ള ഭീഷണിയുണ്ടാക്കുന്നില്ലെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചതായി സൗദി ഗസറ്റ് റിപ്പോർട്ട് ചെയ്തു. അഗ്നിപർവ്വത സ്ഫോടനത്തെ തുടര്‍ന്നുള്ള പുകപടലം സൗദിയിലേക്ക് നീങ്ങുന്നതായി നിരീക്ഷണത്തിൽ കണ്ടെത്തിയിട്ടില്ല. അതിനാൽ രാജ്യത്തുടനീളമുള്ള അന്തരീക്ഷ നിലവാരത്തെയും കാലാവസ്ഥയെയും ഈ അഗ്നിപർവ്വത പ്രവർത്തനം ബാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
24 മണിക്കൂറും മേഘങ്ങളുടെ ചലനങ്ങളും കാലാവസ്ഥാ മാറ്റങ്ങളും കേന്ദ്രം നിരീക്ഷിക്കുന്നുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു. അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്നുള്ള ചാരം രാജ്യത്തിന്‍റെ അന്തരീക്ഷത്തിലേക്ക് നീങ്ങുന്നതായി നിലവിലെ സൂചനകൾ കാണിക്കുന്നില്ല. കാലാവസ്ഥാ സാഹചര്യങ്ങൾ തുടർച്ചയായി നിരീക്ഷിച്ച് അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കാലാവസ്ഥയിൽ എന്തെങ്കിലും സ്വാധീനം ഉണ്ടായാൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും, ആവശ്യമെങ്കിൽ മുന്നറിയിപ്പുകളോ അറിയിപ്പുകളോ നൽകുന്നത് തുടരുമെന്നും അൽ ഖഹ്താനി സ്ഥിരീകരിച്ചു.
യെമനിലേക്കും ഒമാനിലേക്കും
എത്യോപ്യയിലെ അഫാർ മേഖലയിലെ നിഷ്‌ക്രിയമായിരുന്ന ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതം ഞായറാഴ്ച രാവിലെയാണ് പൊട്ടിത്തെറിച്ചത്. ഇതിൽ നിന്നുള്ള ചാരം കലർന്ന പുകപടലം ചെങ്കടൽ കടന്ന് യെമനിലേക്കും ഒമാനിലേക്കും നീങ്ങുകയാണ്. അടുത്തുള്ള അഫ്ഡെറ ഗ്രാമം അഗ്നിപർവ്വത പൊടിയിൽ മൂടി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, കന്നുകാലി വളർത്തുന്നവരുടെ സാമ്പത്തിക കാര്യങ്ങളെ സ്ഫോടനം ബാധിക്കുമെന്നും മൃഗങ്ങൾക്ക് ഭക്ഷണം കണ്ടെത്താൻ ബുദ്ധിമുട്ടുമെന്നും പ്രാദേശിക അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് സെയ്ദ് മുന്നറിയിപ്പ് നൽകി. അതേസമയം, സ്ഫോടനത്തെ തുടര്‍ന്നുള്ള പുകപടലം ഇന്ത്യന്‍ മേഖലക്ക് നേരെ സഞ്ചരിക്കുന്നതിനാല്‍ ആകാശ എയറിന്റെ ജിദ്ദ, കുവൈത്ത്, അബുദാബി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ