
അജ്‍മാന്‍: യുഎഇയില്‍ ഒപ്പം താമസിച്ചിരുന്നയാളെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രവാസിയെ മണിക്കൂറുകള്‍ക്കകം പൊലീസ് അറസ്റ്റ് ചെയ്‍തു. അജ്‍മാനിലായിരുന്നു സംഭവം. സാമ്പത്തിക തര്‍ക്കങ്ങളും മുറിയില്‍ വെച്ചുണ്ടായ വാക്ക് തര്‍ക്കങ്ങളുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അജ്‍മാന്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതി ഏത് രാജ്യക്കാരനാണെന്ന വിവരം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
അജ്‍മാന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തെ ഒരു മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയതെന്ന് അജ്‍മാന്‍ പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍സ് ആന്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വകുപ്പ് മേധാവി ക്യാപ്‍റ്റന്‍ അഹ്‍മദ് അല്‍ നുഐമി പറഞ്ഞു. പൊലീസ് മുറി തുറന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തി. പിന്നാലെ ഫോറന്‍സിക് വിഭാഗം ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി.
60 വയസുകാരനായ ഏഷ്യക്കാരനാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പരിസരത്ത് താമസിച്ചിരുന്നവരുടെ മൊഴികള്‍ അടിസ്ഥാനപ്പെടുത്തി പൊലീസ് അന്വേഷണം തുടങ്ങി. 30 വയസില്‍ താഴെ പ്രായമുള്ള ഒരു പ്രവാസി യുവാവാണ് കൊല്ലപ്പെട്ടയാള്‍ക്ക് ഒപ്പം താമസിച്ചിരുന്നതെന്ന് മനസിലാക്കിയെങ്കിലും ഇയാള്‍ പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പൊലീസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തെറ്റായ വിവരങ്ങള്‍ നല്‍കി അധികൃതരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‍തു.
തുടര്‍ന്ന് പൊലീസ് വ്യാപകമായ അന്വേഷണത്തിനൊടുവില്‍ അല്‍ കറാമ ഏരിയയില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്‍തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്‍തു. ഇരുവരും തമ്മിലുണ്ടായ രൂക്ഷമായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തടി കൊണ്ട് ശക്തമായി അടിക്കുകയും ശേഷ കുത്തിക്കൊല്ലുകയുമായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. സാമ്പത്തിക തര്‍ക്കങ്ങള്‍ക്ക് പുറമെ അസഭ്യം പറഞ്ഞതും കുടുംബാംഗങ്ങളെക്കുറിച്ച് മോശമായ പദപ്രയോഗങ്ങള്‍ നടത്തിയതും കൊലപാതകത്തിന് കാരണമായി.
കേസിന്റെ തുടരന്വേഷണം പബ്ലിക് പ്രോസിക്യൂഷന് കൈമാറി. തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. കേസ് അന്വേഷണത്തില്‍ അജ്‍മാന്‍ പൊലീസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ഇന്‍വെസ്റ്റിഗേഷന്‍സ് ആന്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡയറക്ടര്‍ പറഞ്ഞു. ക്രിമിനല്‍ പ്രവൃത്തികളോ നിയമലംഘനങ്ങളോ ശ്രദ്ധയില്‍പെടുന്നവര്‍ എത്രയും വേഗം അവ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സ്വദേശികളോടും പ്രവാസികളോടും പൊലീസ് ആവശ്യപ്പെട്ടു.
Read also: കാറില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് ഭാര്യയുമായി ഉംറ യാത്ര; യുവാവിന് 20 വര്‍ഷം തടവുശിക്ഷ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ