മയക്കുമരുന്നുമായി വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്ക് ശിക്ഷ വിധിച്ചു

By Web TeamFirst Published Jul 22, 2022, 2:28 PM IST
Highlights

വിമാനത്താവളത്തില്‍ വെച്ച് ശരീര പരിശോധന നടത്തിയപ്പോഴാണ് കാലിന് ചുറ്റും കെട്ടിവെച്ചിരുന്ന മയക്കുമരുന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്. കറുത്ത തുണി കൊണ്ട് പൊതിഞ്ഞ ശേഷം റബ്ബര്‍ മെറ്റീരിയല്‍ കൊണ്ട് ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കൊണ്ടുവന്നത്.

മനാമ: മയക്കുമരുന്നുമായി ബഹ്റൈനിലെ വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും 3000 ദിനാര്‍ പിഴയും വിധിച്ചു. ലേബററായി ജോലി ചെയ്‍തിരുന്ന 27 വയസുകാരനാണ് പിടിയിലായത്. ഇയാള്‍ പാകിസ്ഥാന്‍ പൗരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തുബ്ലിയില്‍ താമസിച്ചിരുന്ന ഇയാള്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് അറസ്റ്റിലായത്.

വിമാനത്താവളത്തില്‍ വെച്ച് ശരീര പരിശോധന നടത്തിയപ്പോഴാണ് കാലിന് ചുറ്റും കെട്ടിവെച്ചിരുന്ന മയക്കുമരുന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്. കറുത്ത തുണി കൊണ്ട് പൊതിഞ്ഞ ശേഷം റബ്ബര്‍ മെറ്റീരിയല്‍ കൊണ്ട് ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കൊണ്ടുവന്നത്.

Read also:  വാടകയ്ക്ക് എടുത്ത വീട് വിഭജിച്ച് നാല് കുടുംബങ്ങളെ താമസിപ്പിച്ചു; പ്രവാസിക്ക് 60 ലക്ഷം പിഴ

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഡയറക്ടറേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തി പരിശോധന നടത്തി. 350 ഗ്രാം മയക്കുമരുന്നാണ് ഇയാളുടെ കൈവശമുള്ളതെന്ന് സ്ഥിരീകരിച്ചു. നാട്ടിലെ കടബാധ്യതകളും സാമ്പത്തിക പരാധീനകളുമാണ് ഇത്തരമൊരു കള്ളക്കടത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് യുവാവ് പറഞ്ഞു. 1000 ബഹ്റൈനി ദീനാറിന്റെ ഒരു ബാധ്യത തനിക്ക് ഉണ്ടായിരുന്നെന്നും കള്ളക്കടത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് അത് തീര്‍ക്കാമെന്ന് വിചാരിച്ചിരുന്നതായും ഇയാള്‍ പറഞ്ഞു.

ബഹ്റൈനിലുള്ള മറ്റൊരു പാകിസ്ഥാന്‍ സ്വദേശിക്ക് കൈമാറാനുള്ളതായിരുന്നു മയക്കുമരുന്നെന്ന് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. അയാളുടെ പേര് ഇസ്‍മായീല്‍ എന്നാണെന്നും അറിയിച്ചു. പ്രതിയുടെ കൈവശം ജുഫൈറിലെ ഒരു ഹോട്ടലില്‍ മുറി ബുക്ക് ചെയ്തതിന്റെ രേഖകളുണ്ടായിരുന്നു. ഇവിടെ വെച്ച് മയക്കുമരുന്ന് കൈമാറാമെന്നായിരുന്നു ധാരണ. മയക്കുമരുന്ന് ഏറ്റുവാങ്ങാനെത്തുന്ന ആളിനെ കണ്ടെത്താനായി ഇവിടെ ഉദ്യോഗസ്ഥര്‍ കാത്തിരുന്നെങ്കിലും ആരും എത്തിയില്ല. 

Read also: ദുബൈയിലെ പൊതുസ്ഥലത്ത് അടിപിടി; വീഡിയോ വൈറലായതിന് പിന്നാലെ ഏഴ് പ്രവാസികള്‍ അറസ്റ്റില്‍

പ്രതിയുടെ വൈദ്യ പരിശോധന നടത്തിയപ്പോള്‍ ഇയാളും മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. ഇതിനും കുറ്റം ചുമത്തിയിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ ഗൗരവത്തെക്കുറിച്ച് പ്രതിക്ക് വേണ്ടത്ര ധാരണയുണ്ടായിരുന്നില്ലെന്ന് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഇത് കോടതി തള്ളിക്കളഞ്ഞു.

click me!