താന്‍ വാടകയ്ക്ക് നല്‍കിയ വില്ലയില്‍ മാറ്റം വരുത്തിയതിനെതിരെ വീട്ടുടമയാണ് കോടതിയെ സമീപിച്ചത്. വീട് നാലായി വിഭജിക്കുകയും തന്റെ അനുമതിയില്ലാതെ മറ്റ് കുടുംബങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കുകയും ചെയ്‍തുവെന്നും ഇതു് അബുദാബിയിലെ  നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇയാള്‍ കോടതിയില്‍ വാദിച്ചു. 

അബുദാബി: വാടകയ്‍ക്ക് എടുത്ത വില്ലയില്‍ അനധികൃതമായി മാറ്റം വരുത്തുകയും വില്ല വിഭജിച്ച് നാല് കുടുംബങ്ങളെ താമസിപ്പിക്കുകയും ചെയ്‍ത സംഭവത്തില്‍ വാടകക്കാരന്‍ മൂന്ന് ലക്ഷം ദിര്‍ഹം (60 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. അബുദാബിയിലാണ് സംഭവം. വില്ലയില്‍ മാറ്റങ്ങള്‍ വരുത്തുക വഴി കെട്ടിട ഉടമയ്‍ക്ക് ഉണ്ടായ നഷ്ടങ്ങള്‍ക്ക് പകരമായാണ് ഈ പണം നല്‍കേണ്ടത്.

താന്‍ വാടകയ്ക്ക് നല്‍കിയ വില്ലയില്‍ മാറ്റം വരുത്തിയതിനെതിരെ വീട്ടുടമയാണ് കോടതിയെ സമീപിച്ചത്. വീട് നാലായി വിഭജിക്കുകയും തന്റെ അനുമതിയില്ലാതെ മറ്റ് കുടുംബങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കുകയും ചെയ്‍തുവെന്നും ഇതു് അബുദാബിയിലെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇയാള്‍ കോടതിയില്‍ വാദിച്ചു. വില്ലയ്ക്ക് സംഭവിച്ച നഷ്ടങ്ങള്‍ക്ക് പകരമായി 5,10,000 ദിര്‍ഹമാണ് ഇയാള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. കെട്ടിടം ഇനി അറ്റകുറ്റപ്പണി നടത്താതെ ഉപയോഗിക്കാനാവില്ലെന്ന് അറിയിച്ച ഉടമ, വാടകക്കാരനെ അവിടെ നിന്ന് ഒഴിപ്പിക്കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു.

Read more:  ദുബൈയിലെ പൊതുസ്ഥലത്ത് അടിപിടി; വീഡിയോ വൈറലായതിന് പിന്നാലെ ഏഴ് പ്രവാസികള്‍ അറസ്റ്റില്‍

അതേസമയം ഉടമയുടെ വാദങ്ങളെല്ലാം തള്ളിക്കളഞ്ഞ വാടകക്കാരന്‍, ഇത് സംബന്ധിച്ച കേസ് നേരത്തെ കോടതി തീര്‍പ്പാക്കിയതാണെന്ന് വാദിച്ചു. എന്നാല്‍ ഇത് ജഡ്ജി അംഗീകരിച്ചില്ല. വീട്ടില്‍ മാറ്റങ്ങള്‍ വരുത്തിയതായും വീട് നാലായി വിഭജിച്ച് നാല് പേര്‍ക്ക് വാടകയ്ക്ക് നല്‍കിയതായും ഒരു എഞ്ചിനീയറിങ് വിദഗ്ധന്‍ കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി മൂന്ന് ലക്ഷം ദിര്‍ഹം വേണ്ടി വരുമെന്നായിരുന്നു.

എല്ലാ ഭാഗത്തിന്റെയും വാദങ്ങള്‍ വിശദമായി പരിശോധിച്ച, അബുദാബിയിലെ സിവില്‍ ആന്റ് അഡ്‍മിനിസ്ട്രേറ്റീവ് കേസുകള്‍ പരിഗണിക്കുന്ന കുടുംബ കോടതിയാണ് വാടകക്കാരന്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. വില്ലയില്‍ വരുത്തിയ മാറ്റങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള ചെലവിനത്തില്‍ മൂന്ന് ലക്ഷം ദിര്‍ഹവും ഇതിന് പുറമെ വീട്ടുടമയ്‍ക്ക് നിയമ നടപടികള്‍ക്ക് ചെലവായ തുകയും വാടകക്കാരന്‍ നല്‍കണമെന്നാണ് കോടതിയുടെ വിധി.

Read also: ചികിത്സക്ക് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ഫലം കാണുന്നതിന് മുമ്പേ ഷാജി രമേശ് യാത്രയായി