
ഷാര്‍ജ: പ്രവാസി ദമ്പതികള്‍ കാറിനുള്ളില്‍ തനിച്ചാക്കിപോയ കുട്ടിയെ പൊലീസെത്തി രക്ഷിച്ചു. ഏഷ്യക്കാരായ രക്ഷിതാക്കള്‍ കുട്ടിയെ വാഹനത്തില്‍ നിന്ന് എടുക്കാന്‍ മറന്നതാണെന്ന് ഷാര്‍ജ പൊലീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അല്‍ നഹ്‍ദയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ലോക്ക് ചെയ്ത വാഹനത്തിനുള്ളില്‍ കുട്ടിയെ കണ്ട ചിലര്‍ ഷാര്‍ജ പൊലീസിന്റെ മൊബൈല്‍ പൊലീസ് സെന്ററില്‍ വിവരമറിയിക്കുകയായിരുന്നു. അത്യാഹിതം ഒഴിവാക്കാനും കുട്ടിയെ രക്ഷിക്കാനുമായി ഉടന്‍ തന്നെ പൊലീസ് സംഘത്തെ സ്ഥലത്തേക്കയച്ചു. വാഹനത്തിനുള്ളില്‍ വായുസമ്പര്‍ക്കം കുറവായിരുന്നതിനാല്‍ കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടുതുടങ്ങിയിരുന്നു. വാതില്‍ തുറക്കാന് കുട്ടിക്ക് സാധിച്ചതുമില്ല. സ്ഥലത്തെത്തിയ പൊലീസ് സംഘം വാഹനം തുറന്ന് കുട്ടിയെ പുറത്തിറക്കുകയായിരുന്നു. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും വാഹനത്തിനുള്ളില്‍ അവരെ തനിച്ചാക്കരുതെന്നും ഷാര്‍ജ പൊലീസ് അറിയിച്ചു. കടുത്ത ചൂടില്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയ കുട്ടികള്‍ക്ക് ജീവഹാനി സംഭവിച്ച ഒന്നിലേറെ സംഭവങ്ങള്‍ നേരത്തെ യുഎഇയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam